സോഷ്യല്‍ ഫോറം ജിദ്ദ കേരള സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Update: 2021-10-10 17:53 GMT

ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സംസ്ഥാന കമ്മിറ്റിയുടെ 2021-24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫിയയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. 

രാജ്യത്തെ ജീവിതാന്തരീക്ഷം കലുഷിതമാക്കിക്കൊണ്ടിരിക്കാന്‍ ഭരണകൂടം തന്നെ അക്രമികളെ കയറൂരിവിട്ടിരിക്കുകയാണെന്നും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് കാവല്‍ നില്‍ക്കേണ്ട നിയമപാലകര്‍ അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന വിധമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖീംപൂരില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകരുടെ നേരെ വാഹനമോടിച്ചുകയറ്റി കൂട്ടക്കൊലനടത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും സംഘവും നടത്തിയ ക്രൂരകൃത്യം സംഘപരിവാരത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം മുമ്പ് അസമില്‍ ആയിരത്തിലധികം വരുന്ന ഗ്രാമീണരെ ബലമായി കുടിയൊഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച നിരായുധരായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള ആളുകള്‍ക്ക് നേരെ വെടിവെക്കുകയും പിഞ്ചുബാലനെയടക്കം കൊന്നു തള്ളിയത് മുഖ്യധാരാ പാര്‍ട്ടികളും മാധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുകയാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതശരീരത്തില്‍ താണ്ഡവനൃത്തമാടിയ സര്‍ക്കാര്‍ വക ഫോട്ടോഗ്രാഫറുടെ ചേതോവികാരം യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തെ ഒരുവിഭാഗം ജനങ്ങളുടെ പൗരത്വം നിഷേധിച്ച് തടങ്കല്‍ പാളയത്തിലേക്ക് തള്ളിവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. അസമിലെ ന്യൂനപക്ഷവിഭാഗത്തെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്നും പുറംതള്ളാനുള്ള ഭരണകൂടത്തിന്റെ ഗൂഢനടപടിക്കെതിരെ കണ്ണുതുറക്കാത്ത കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷ സംരക്ഷണ വിഷയത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നത് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയേണ്ടതാണ്. കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ തുടരുന്ന ദ്രോഹനടപടികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം തുമ്പില്ലാതാക്കാന്‍ മറ്റു ചില വിഷയങ്ങള്‍ പെരുപ്പിച്ചു കാണിച്ചു മറയിടുകയാണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല, സംഘപരിവാര പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രമാദമായ കേസുകളിലെല്ലാം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്ന വിധമാണ് പിണറായി സര്‍ക്കാരും പോലിസും പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ചില ദുഷ്ടശക്തികള്‍ നടത്തുന്ന വിദ്വേഷ പ്രചാരണ വിഷയത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും കള്ളനും പോലിസും കളിക്കുകയാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ മുസ് ലിം വിരുദ്ധത കുത്തിവെക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയത് പാര്‍ട്ടിയിലെ സംഘിവിധേയത്വമുള്ളവരുടെ താല്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

സോഷ്യല്‍ ഫോറം ജിദ്ദ കേരള സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി മലപ്പുറം, ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം എന്നിവര്‍ നിയന്ത്രിച്ചു.

ഭാരവാഹികളായി കോയിസ്സന്‍ ബീരാന്‍കുട്ടി (പ്രസിഡന്റ്), ഫൈസല്‍ മമ്പാട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, മുനീര്‍ പി.എം. ഗുരുവായൂര്‍( വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് മുഖ്താര്‍, റാഫി ചേളാരി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹനീഫ കടുങ്ങല്ലൂര്‍, ഡോ. അസ്‌ലം കോട്ടക്കല്‍, യാഹൂട്ടി തിരുവേഗപ്പുറ, സിദ്ദീഖ് എടക്കാട്, ഷരീഫ്കുഞ്ഞു കോട്ടയം, ജംഷീദ് ചുങ്കത്തറ, റഫീഖ് പഴമള്ളൂര്‍, ഷറഫുദ്ദീന്‍ പുത്തൂര്‍പള്ളിക്കല്‍ എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തിരഞ്ഞടുത്തു. 

Tags:    

Similar News