സ്വകാര്യ വിദ്യാഭ്യാസ മേഖല സുതാര്യമാക്കാന്‍ ബഹ്‌റൈനില്‍ പുതിയ നിയമം; ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

Update: 2025-12-23 10:24 GMT

മനാമ: ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സുതാര്യവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയമത്തിന് ശൂറ കൗണ്‍സില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. 1998ലെ 25ആം നമ്പര്‍ നിയമത്തിന് പകരമായി 36 ആര്‍ട്ടിക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മേഖലയില്‍ ഇത്രയും വിപുലമായ നിയമപരിഷ്‌കാരം നടപ്പാക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ ശൂറ കൗണ്‍സിലില്‍ ബില്ലിന്റെ പ്രാധാന്യം വിശദീകരിച്ചു. രാജ്യത്തെ സ്വകാര്യ സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം ഇരട്ടിയായി വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലുള്ള നിയമം കാലോചിതമല്ലെന്നതാണ് പുതിയ ബില്ലിന് പിന്നിലെ പ്രധാന കാരണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമപ്രകാരം നഴ്‌സറികള്‍, കിന്റര്‍ഗാര്‍ഡനുകള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഇനി അനുവദിക്കില്ല. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് സുതാര്യമായ അപ്പീല്‍ സംവിധാനവും ഏര്‍പ്പെടുത്തും. ലൈസന്‍സിങ് നടപടികള്‍ ലഘൂകരിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചതിന് ശേഷം മറ്റു ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി തേടിയാല്‍ മതിയാകും. സ്വകാര്യ സ്‌കൂളുകളില്‍ രക്ഷിതാക്കളുടെ കൗണ്‍സിലുകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം.

സ്‌കൂള്‍ ജീവനക്കാരുടെ നിയമനത്തിന് മുന്‍പ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ഒരു ലക്ഷം ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴ ചുമത്താം. ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലൈസന്‍സ് റദ്ദാക്കലും നേരിടേണ്ടിവരും.

അതേസമയം, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിലവില്‍ ബഹ്‌റൈനിലെ 81 സ്വകാര്യ സ്‌കൂളുകളിലായി 90,000ത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും താല്‍പ്പര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുമെന്ന് ശൂറ കൗണ്‍സില്‍ സര്‍വിസ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജമീല അല്‍ സല്‍മാന്‍ വ്യക്തമാക്കി.

Tags: