സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പാകിസ്താനില്‍ പുതിയ നിയമം: രാജ്യം വിടുമെന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും ട്വിറ്ററും
ഇസ്‌ലാമാബാദ്: ഡിജിറ്റല്‍ ലോകത്തെ നിയന്ത്രിക്കുന്നതിനായി വിഭാവനം ചെയ്യുന്ന പുതിയ നിയമം പ്രാവര്‍ത്തികമാവുകയാണെങ്കില്‍ തങ്ങള്‍ പാകിസ്താന്‍ വിടുമെന്ന് ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളായ ഗൂഗിളും ഫെയ്‌സ്ബുക്കും ട്വിറ്ററും. സര്‍ക്കാരിന് ടെക്‌നോളജി കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള സര്‍വാധികാരം നല്‍കുന്ന നിയമം പൗരന്മാരുടെ സ്വകാര്യതയിലേക്കും മനുഷ്യാവകാശത്തിലേക്കുമുള്ള കടന്നുകയറ്റമാണെന്നും കമ്പനികള്‍ ആരോപിച്ചു.
ഏഷ്യ ഇന്റര്‍നെറ്റ് കൊയലിഷനെ ഉദ്ധരിച്ച് പാകിസ്താനിലെ ഡോണ്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഗൂഗിളിനെയും എഫ്ബിയെയും ട്വിറ്ററിനെയും ലക്ഷ്യം വച്ചാണ് പാകിസ്താന്‍ പുതിയ നിയമം കൊണ്ടുവരുന്നത്.
റിമൂവര്‍ ആന്റ് ബ്ലോക്കിങ് അണ്‍ലൊഫുള്‍ ഓണ്‍ലൈന്‍ കണ്ടന്റ്(പ്രൊജീജര്‍, ഓവര്‍ സൈറ്റ്, സെയ്ഫ്ഗാര്‍ഡ്)റൂള്‍സ് 2020 എന്ന് പേരിട്ടിട്ടുള്ള നയമം ഇലക്ടോണിക് ക്രൈം ആക്റ്റ് 2016ന്റെ ഉപവിഭാഗമായാണ് കൊണ്ടുവരുന്നത്.
വിഭാഗവനം ചെയ്യുന്ന പുതിയ നിയമമനുസരിച്ച് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സികളുമായി പങ്കുവയ്ക്കാന്‍ ടെക്‌നോളജി കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇത് പൗരന്മാരുടെ സ്വകാര്യതയിലുള്ള ഇടപെടലും മനുഷ്യാവകാശ ധ്വംസനമാണെന്നും കമ്പനികള്‍ അഭിപ്രായപ്പെട്ടു.
തങ്ങള്‍ പാകിസ്താന്‍ വിടുകയാണെങ്കില്‍ അത് പാകിസ്താനെ ലോകത്ത് ഒറ്റപ്പെടുത്തുമെന്നും കമ്പനികള്‍ മുന്നറിയിപ്പുനല്‍കി.
