പുതിയ ഐടി നിയമം സാധാരണക്കാരായ സാമൂഹിക മാധ്യമ ഉപഭോക്താക്കളെ ശാക്തീകരിക്കാന്‍; ഐക്യരാഷ്ട്ര സഭയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ രാജ്യത്തെ സാമൂഹിക മാധ്യമ ഉപഭോക്താക്കളായ സാധാരണക്കാരെ ശാക്തീകരിക്കാനാണെന്ന് യുഎന്നിലെ ഇന്ത്യന്‍ മിഷന്‍. 2018 മുതല്‍ രാജ്യത്തെ വിവിധ വിഭാഗങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് നിയമം കൊണ്ടുവന്നതെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ മിഷന്‍ മറുപടി നല്‍കി.
ഇന്ത്യ നടപ്പാക്കുന്ന പുതിയ ഐടി നിയമം അഭിപ്രായസ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ ജൂണ്‍ 11ന് രംഗത്തുവന്നിരുന്നു. ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയമാണ് ഐടി നിയമങ്ങളില്‍ ഭേദഗതി വരുത്തിയത്. മെയ് 26ന് നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ നേരിടുകയോ ഇരയാക്കപ്പെടുകയോ ചെയ്യുന്ന കേസുകളില്‍ നീതി തേടുന്നതിനുമായാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. ഐടി മേഖലയിലെ വിവിധ വിഭാഗങ്ങളുമായി മുന്‍കൂര്‍ ചര്‍ച്ചയും നടത്തിയിരുന്നു- യുഎന്നിന് അയച്ച കത്തില്‍ പറയുന്നു.
പുതിയ നിയമമനുസരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ കമ്പനിക്കുകൂടെ ഉത്തരവാദിത്തമുണ്ടാകും. കൂടാതെ പരാതികള്‍ പരിഗണിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയും നിയമിക്കണം.