ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം: സര്‍വ്വേ ഒക്ടോബര്‍ 08 ന് ആരംഭിക്കും

Update: 2022-10-05 04:31 GMT

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വ്വേ ഒക്ടോബര്‍ 08 മുതല്‍ 12 വരെ നടക്കും. പ്രാദേശിക ചര്‍ച്ചകളിലൂടെ കണ്ടെത്തിയ സാധ്യതാ മേഖലകളിലാണ് സര്‍വ്വേ നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സംഘാടകസമിതികളുടെ ആഭിമുഖ്യത്തിലാണ് സര്‍വ്വേ നടത്തുന്നത്.

ജനപ്രതിനിധികള്‍, പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എസ്.സി/എസ്.ടി പ്രമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, കോളേജുകളിലെ എന്‍.എസ്.എസ്. വളന്റിയര്‍മാര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സര്‍വ്വേയില്‍ പങ്കാളികളാവും. സര്‍വ്വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാക്ഷരതാ ക്ലാസ്സ് നല്‍കും.

സന്നദ്ധ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി ശരാശരി 10 പേരടങ്ങുന്ന പഠിതാക്കളെ ഉള്‍പ്പെടുത്തി ക്ലാസ്സ് രൂപീകരിക്കും. സമ്പൂര്‍ണ്ണ സാക്ഷരതയില്‍ നിന്നും പരിപൂര്‍ണ്ണ സാക്ഷരതയിലേക്ക് എന്ന ലക്ഷ്യത്തോടെ നടത്തുന്ന സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിക്കും. ഗ്രാമബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കും.

5വര്‍ഷം നീണ്ടു നില്‍ക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യ വര്‍ഷത്തില്‍ ജില്ലയില്‍ നിന്നും 7000 പേരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News