കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്തു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലാണ് പതാകയും അനാച്ഛാദനം ചെയ്തത്. പുതിയ പതാക കൊളോണിയല്‍ ഭൂതകാലത്തെ ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പന്നമായ ഇന്ത്യന്‍ സമുദ്ര പൈതൃകത്തിന് യോജിച്ചതാണ് പുതിയ പതാകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ പതാകയില്‍ വലത്തോ കോണില്‍ ദേശീയപതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോകസ്തംഭവും നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഛത്രപതി ശിവജിയുടെ മുദ്രയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഘടകങ്ങളും പതാകയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
പഴയ പതാക
നേരത്തെയുള്ള പതാക, തിരശ്ചീനമായും ലംബമായും ചുവന്ന വരകളുള്ള ഒരു വെളുത്ത പതാകയാണ്, ഇത് സെന്റ് ജോര്‍ജ്ജ് കുരിശിന്റെ പ്രതീകമാണ്. ഇവ തമ്മില്‍ ചേരുന്ന സ്ഥലത്ത് ഇന്ത്യയുടെ ചിഹ്നം സ്ഥാപിച്ചിരിക്കുന്നു. മുകളിലെ മൂലയില്‍ പതാക നിര്‍ത്തിയിരിക്കുന്ന സ്റ്റാഫിനോട് ചേര്‍ന്നാണ് ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചിരിക്കുന്നത്.
1950ന് ശേഷം ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാക മാറ്റുന്നത്.
