കെകെ ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍; മുഹമ്മദ് റിയാസും മന്ത്രിപട്ടികയില്‍
എല്‍ഡിഎഫ് യോഗം ഉടന്‍; ചെറു കക്ഷികളുടെ മന്ത്രിസ്ഥാനം ഇന്നറിയാം
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. ബേപ്പൂരില്‍ നിന്നുള്ള പി എ മുഹമ്മദ് റിയാസും മന്ത്രിപട്ടികയിലുണ്ട് എന്നാണ് വിവരം. ആലപ്പുഴയില്‍ നിന്ന് സജിചെറിയാന്‍, ആറന്മുളയില്‍ നിന്നുള്ള വീണ ജോര്‍ജ്, പൊന്നാനിയില്‍ നിന്നുള്ള പി നന്ദകുമാര്‍ എന്നിവരും പുതുതായി സാധ്യത പട്ടകയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമുണ്ടാകും.
എല്‍ഡിഎഫ് യോഗം ഉടന്‍; ചെറു കക്ഷികളുടെ മന്ത്രിസ്ഥാനം ഇന്നറിയാം
ചെറു കക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തില്‍ ഉടന്‍ ചര്‍ച്ച തുടങ്ങും. ഇപ്പോള്‍ എല്‍ഡിഎഫ് കക്ഷികള്‍ എകെജി സെന്ററില്‍ കേക്ക് മുറിച്ച് വിജയമാഘോഷിക്കുകയാണ്.
ചെറുകക്ഷികളില്‍ എല്‍ജെഡി ഒഴികെ എല്ലാവര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. എന്നാല്‍ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം പങ്കുവെക്കേണ്ടിവരും. ഐഎല്‍എല്‍, കേരളകോണ്‍ഗ്രസ്(എസ്), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്(ബി) എന്നിവരായിരിക്കും മന്ത്രിസ്ഥാനം പങ്കുവെക്കേണ്ടിവരുക.
കേരള കോണ്‍ഗ്രസ്(ബി)യുടെ കെബി ഗണേഷ് കുമാര്‍ പൂര്‍ണകാല മന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് മന്ത്രി സ്ഥാനം പങ്കുവയ്ക്കാനും, അത് രണ്ടാം പാതിയില്‍ ആകുന്നതില്‍ വിരോധമില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, ഇരുദളുകളും ഒരുമിക്കാത്തതിനാല്‍, എല്‍ജെഡിക്ക് മന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. എന്‍സിപി, ജെഡിഎസ് എന്നിവര്‍ക്ക് ഒരോ മന്ത്രി സ്ഥാനം ലഭിക്കും. കേരള കേണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവുമാണ് ലഭിക്കുക.
സിപിഎമ്മിന് 12 മന്ത്രി സ്ഥാനവും സ്പീക്കര്‍ പദവിയും, സിപിഐക്ക് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് ധാരണയായിട്ടുള്ളത്.
