വ്യോമയാന മേഖലയിലെ മല്‍സരം വര്‍ധിപ്പിക്കാന്‍ നീക്കം; രണ്ടു പുതിയ എയര്‍ലൈനുകള്‍ക്ക് എന്‍ഒസി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡിസംബര്‍ ആദ്യം ഇന്‍ഡിഗോ എയര്‍ലൈന്‍ നേരിട്ട പ്രവര്‍ത്തന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വ്യോമയാന മേഖലയില്‍ കൂടുതല്‍ മല്‍സരവും യാത്രക്കാരുടെ സൗകര്യവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രണ്ടു പുതിയ എയര്‍ലൈനുകള്‍ക്ക് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' (എന്‍ഒസി) അനുവദിച്ചു. അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്കാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ വിശദീകരണം. ഇന്ത്യന്‍ ആകാശത്ത് സര്‍വീസ് ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഷാങ്ക് എയര്‍, അല്‍ഹിന്ദ് എയര്‍, ഫളൈ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും, ഷാങ്ക് എയറിന് നേരത്തെ എന്‍ഒസി ലഭിച്ചിരുന്നുവെന്നും, ഈ ആഴ്ച അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നീ കമ്പനികള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ വ്യോമയാന മേഖലയിലെ പ്രവര്‍ത്തന സാഹചര്യങ്ങളെക്കുറിച്ച് വ്യവസായ വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തുകയാണ്. എയര്‍ലൈനുകള്‍ ഒഴികെ മറ്റു പങ്കാളികള്‍ എല്ലാവരും ലാഭം നേടുമ്പോള്‍, ഉയര്‍ന്ന ചെലവുകളും നികുതികളും, മാനേജ്‌മെന്റ് ശേഷിയുടെ അഭാവവും പരിമിതമായ ഫണ്ടിങ്ങുമാണ് എയര്‍ലൈനുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ ഒരു വിദഗ്ധനെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു. ഇതാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി രാജ്യത്ത് എയര്‍ലൈന്‍ തകര്‍ച്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
എയര്‍ലൈന്‍ തകര്‍ച്ചകള്‍ ആഗോള പ്രതിഭാസമാണെങ്കിലും, സാമ്പത്തികമായി സൗഹൃദമല്ലാത്ത പ്രവര്‍ത്തന അന്തരീക്ഷം ഇന്ത്യയില്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നതായി വ്യവസായ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ നേരിട്ട സമീപകാല പ്രതിസന്ധിയുടെ ഫലമായി 10 ദിവസത്തിനിടെ ഏകദേശം 4,500 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നു. ഇതോടെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിമാന സര്‍വീസുകള്‍ ഗണ്യമായി ബാധിക്കപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.
