ഛലോ ഡല്‍ഹി: കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Update: 2020-11-30 18:23 GMT

പട്‌ന: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്യണമെന്നും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്, അതുവഴി താങ്ങുവിലയുമായും വിളവ് വാങ്ങുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരു സംവിധാനം കൊണ്ടുവരാന്‍ കഴിയും. അതിനാവശ്യമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ നടക്കുന്ന സമരം തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതാണ്- നിതീഷ് കുമാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചചെയ്യാനുള്ള ക്ഷണം ഡല്‍ഹിയിലും ഹരിയാനയിലും സമരം ചെയ്യുന്ന കര്‍ഷകര്‍ നേരത്തെത്തന്നെ തളളിക്കളഞ്ഞിരുന്നു. നിബന്ധനകള്‍ക്കു വിധേയമായി ഡിസംബര്‍ 3ന് ചര്‍ച്ചയാവാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ക്ഷണം കര്‍ഷകര്‍ തള്ളിക്കളഞ്ഞു. പോലിസും ആഭ്യന്തര മന്ത്രാലയവും ഇന്റലിജന്‍സ് ഏജന്‍സികളുമായും ചര്‍ച്ച ചെയ്യാനാവില്ലെന്നും രാഷ്ട്രീയനേതൃത്വവുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

പഞ്ചാബില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 32 കര്‍ഷക സംഘടനകളാണ് സമരത്തിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.