ഡല്‍ഹി: ഡോക്ടറുടെ വീട്ടില്‍നിന്ന് കണ്ടെടുത്തത് 3,293 ബ്ലാക് ഫംഗസ് വ്യാജ ഇന്‍ജക്ഷനുകള്‍

Update: 2021-06-20 14:42 GMT

ന്യൂഡല്‍ഹി: ബ്ലാക് ഫംഗസിനുള്ള വ്യാജമരുന്ന് കൈകാര്യം ചെയ്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് ഡോക്ടര്‍മാരും.  വ്യാജ ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി ഉല്‍പ്പാദനം നടത്തിയതിനും കൈകാര്യം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. അല്‍തമാസ് ഹുസൈന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 3.293 വയല്‍ വ്യാജ ഇന്‍ജക്ഷനുകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

ക്രൈം ബ്രാഞ്ച് നിസാമുദ്ദീന്‍ പ്രദേശത്തെ ഡോക്ടറുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ ഇന്‍ജക്ഷന്‍ കണ്ടെടുത്തത്. മിക്കവാറും ബ്ലാക് ഫംഗസ്സിനുളളതാണെങ്കിലും ചിലത് റെംഡെസെവിര്‍ ഇന്‍ജക്ഷനുകളാണ്. മറ്റ് ചില മരുന്നുകള്‍ കാലാവധി കഴിഞ്ഞവയാണ്.

ലിപ്പോസോമല്‍ ആംഫോട്ടെറിസിന്‍-ബി ബ്ലാക് ഫംഗസ് രോഗബാധക്ക് ഉപയോഗിക്കുന്ന മരുന്നാണ്. ബ്ലാക് ഫംഗസ് കണ്ണുകളെയും മൂക്കിനെയുമാണ് ബാധിക്കുക, ചിലരില്‍ തലച്ചോറിനെയും ബാധിക്കും. പ്രമേഹരോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് മരണകാരണമായേക്കാം. 

ഡോക്ടറുടെ മെഡിക്കല്‍ ബിരുദത്തിന്റെ സാധുതയും പോലിസ് പരിശോധിക്കുന്നുണ്ട്.

ജൂണ്‍ 7ാം തിയ്യതി ലഭിച്ച ഒരു പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

ഈ സംഘം 400ഓളം വ്യാജ ഇന്‍ജക്ഷനുകളാണ് വിറ്റഴിച്ചത്. ഓരോന്നും 250 മുതല്‍ 12000 രൂപക്കാണ് വിറ്റഴിച്ചത്. 

Tags: