പാകിസ്താന് മുന്നറിയിപ്പു നല്‍കി പുതിയ കരസേന മേധാവിയുടെ ആദ്യ പ്രതികരണം

വടക്കന്‍ അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുകയും ആവശ്യം വന്നാല്‍ അതിനനുസരിച്ച് മുന്നേറാന്‍ സൈന്യം സജ്ജമാണെന്നും ജനറല്‍ മനോജ് മുകുന്ദ്

Update: 2019-12-31 14:31 GMT

ന്യൂഡല്‍ഹി: പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവിയുടെ ആദ്യ പ്രതികരണം. രാജ്യത്തേക്ക് ഭീകരവാദം കയറ്റിയയ്ക്കുന്നത് പാകിസ്താന്‍ നിഷേധിക്കുകയാണെന്നും അത് ഇനിയും ദീര്‍ഘകാലം തുടര്‍ന്നുപോകാനാവില്ലെന്നും പുതുതായി സ്ഥാനമേറ്റ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ മുന്നറിയിപ്പു നല്‍കി.

''നമ്മുടെ അയല്‍രാജ്യം ഭീകരതയെ ഒരു ആയുധമായും നയമായും ഉപയോഗിക്കുകയാണ്. അതുപയോഗിച്ച് അവര്‍ മറഞ്ഞ് നിന്ന് യുദ്ധം ചെയ്യുകയാണ്. എന്നിട്ട് അതൊക്കെ അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. ഇത് തുടര്‍ന്ന് പോകാനാവില്ല.'' എല്ലാകാലത്തും എല്ലാവരെയും മണ്ടന്മാരാക്കാനാവില്ലെന്നും അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഭീകരവാദം കയറ്റിയയ്ക്കുന്നത് പാകിസ്താന്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ഭീകരതയുടെ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്ന് ജനറല്‍ മുകുന്ദ് പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം പാകിസ്താന്‍ നടത്തിയ എല്ലാ ഇടപെടലുകളും സൈന്യം നിര്‍വീര്യമാക്കിയെന്നും അവിടത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജനറല്‍ മുകുന്ദ് പറഞ്ഞു. ഭീകരത കയറ്റിയയച്ചുകൊണ്ട് പാകിസ്താന്‍ നടത്തുന്ന യുദ്ധങ്ങള്‍ നേരിടാന്‍ രാജ്യം വൈവിധ്യമാര്‍ന്ന സാധ്യതകള്‍ തേടും. വടക്കന്‍ അതിര്‍ത്തിയില്‍ സന്നാഹങ്ങള്‍ ശക്തമാക്കുകയും ആവശ്യം വന്നാല്‍ അതിനനുസരിച്ച് മുന്നേറാന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റത്. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28ാമത് തലവനായാണ് നാരാവ്‌നെ. സംയുക്ത സേനാ മേധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചതോടെയാണ് ഏറ്റവും സീനിയറായ നാരാവനെയ്ക്ക് നറുക്ക് വീണത്. ഇതുവരെ നാരാവ്‌നെ സേനയുടെ ഉപമേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.




Tags:    

Similar News