നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കും അറസ്റ്റില്‍. കഴിഞ്ഞവര്‍ഷം നേപ്പാളിനെ പിടിച്ചുകുലുക്കിയ ജെന്‍സി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ഭക്തപുരിലെ ഗുണ്ടുവിലുള്ള വസതിയില്‍നിന്നാണ് ഒലിയെ പോലിസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും കെ പി ശര്‍മ ഒലി മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഴിമതിക്കെതിരെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിനിടെ 19 യുവാക്കളുള്‍പ്പെടെ എഴുപതിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയ നിരോധനത്തെത്തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം പിന്നീട് സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനരോഷമായി മാറുകയും ഒലി സര്‍ക്കാരിന്റെ പതനത്തിന് വഴിവെക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബാലേന്ദ്ര ഷാ അധികാരമേറ്റയുടന്‍ പ്രക്ഷോഭകാലത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിച്ചിരുന്നു. ഒലിയും ആഭ്യന്തര മന്ത്രിയും അക്രമം തടയാന്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നും ഇവരുടെ വീഴ്ച കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍വരെ കൊല്ലപ്പെട്ടെന്നുമായിരുന്നു അന്വേഷണ റിപോര്‍ട്ട്.