നേപ്പാള്‍ വിദേശകാര്യമന്ത്രി ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും

Update: 2020-12-02 16:04 GMT

കാഠ്മണ്ഡു: നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി ഈ മാസം പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കും. അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ചയും നടത്തും.

ഈ വര്‍ഷം ആദ്യം നേപ്പാളും ഇന്ത്യയും തമ്മില്‍ ഉടലെടുത്ത അതില്‍ത്തിപ്രശ്‌നങ്ങളാണ് പ്രധാനമായി ചര്‍ച്ച ചെയ്യുകയെന്നാണ് വിവരം. ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതാണ് ചര്‍ച്ചയുടെ മുന്‍ഗണനാ വിഷയമെന്നും കാഠ്മണ്ഡു വ്യക്തമാക്കി.

കഴിഞ്ഞ മെയില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഉടലെടുത്ത പ്രതിസന്ധിയ്ക്കു ശേഷം രാജ്യത്തെത്തുന്ന ആദ്യ മുതിര്‍ന്ന നേപ്പാള്‍ ഭരണാധികാരിയാണ് ഗ്യാവാലി.

നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്ന ലിപുലേഖ് അതിര്‍ത്തി പ്രദേശത്ത് നിര്‍മിച്ച ഒരു റോഡുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉയര്‍ന്നത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ താല്‍പ്പര്യം പ്രകടപ്പിച്ച് ഈ അടുത്തകാലത്താണ് നേപ്പാള്‍ അധികൃതര്‍ ഇന്ത്യയെ സമീപിച്ചത്. ആഗസ്റ്റ് 15ന് സ്വാതന്ത്രദിവനത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നു.

റോ മേധാവി സമാന്ത് ഗോയലും സൈനിക മേധാവി ജനറല്‍ എംഎം നരവനെയും നേപ്പാള്‍ സന്ദര്‍ശിച്ചത് ഇപ്പോഴത്തെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.

Tags:    

Similar News