നേപ്പാള്‍ വിമാനാപകടം: 22 പേരും മരിച്ചിരിക്കാമെന്ന് സൂചന

Update: 2022-05-30 07:12 GMT

കാഠ്മണ്ഡു: കഴിഞ്ഞ ദിവസം കാണാതായ നേപ്പാള്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് നേപ്പാള്‍ സൈന്യം സൂചന നല്‍കി. സര്‍ക്കാരും ഇത് ആവര്‍ത്തിച്ചു. പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

'വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായി ഞങ്ങള്‍ സംശയിക്കുന്നു. വിമാനാപകടത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ കാണിക്കുന്നത്, പക്ഷേ ഔദ്യോഗിക പ്രസ്താവന വരാനുണ്ട്.'- സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെത്തി. മുസ്താങ് ജില്ലയില്‍ 14,500 ഇടി ഉയരത്തില്‍ സാനൊ സ്വയര്‍ ഭിറിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

'ഇതുവരെ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു, ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കാലാവസ്ഥ വളരെ മോശമാണ്, പക്ഷേ ഞങ്ങള്‍ക്ക് ഒരു ടീമിനെ അപകടസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞു. മറ്റൊരു വിമാനത്തിനും പോകാന്‍ സാധ്യമല്ല,'- സര്‍ക്കാര്‍ വക്താവ് ദേവ് ചന്ദ്ര ലാല്‍ കാന്‍ പറഞ്ഞു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഇരുപതോളം പേര്‍ക്ക് സഞ്ചരിക്കാവുന്ന താരാ എയറിന്റെ ഇരട്ട എഞ്ചിന്‍ എയര്‍ക്രാഫ്റ്റാണ് ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനു ശേഷം കാണാതായത്. മുസ്താങ് ജില്ലയിലെ കൊവാങ് ഗ്രാമത്തില്‍ തകര്‍ന്നുവീണതായി പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, ആ പ്രദേശത്തേക്ക് എത്താനായിരുന്നില്ല.

4 ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 2 ജര്‍മന്‍കാരും 13 നേപ്പാളികളും മൂന്ന് ജപ്പാന്‍കാരും ഉണ്ടായിരുന്നു.

കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍.