കൊവിഡ് പ്രതിരോധം: അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

Update: 2021-09-03 14:09 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രാദേശികമായ കരുതലാണ് ഏറ്റവും പ്രധാനം. അയല്‍പക്ക നിരീക്ഷണ സമിതി, റാപ്പിഡ് റെസ്‌പോണ്‍സ് ടീം, വാര്‍ഡുതല സമിതി, പോലിസ്, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. വ്യാപനം കുറയ്ക്കാനുള്ള ഇടപെടല്‍ ഓരോ പ്രദേശത്തും നടത്തണം.

പോസീറ്റിവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കണം. ആദ്യഘട്ടത്തില്‍ ഇടപെട്ടതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സജീവമായി മുന്നോട്ടുനീങ്ങിയാല്‍ പെട്ടെന്നുതന്നെ സാധാരണ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18, 20 ശതമാനത്തിനിടയില്‍ നില്‍ക്കുമ്പോഴും മരണനിരക്ക് 0.5 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്കായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കൊവിഡ് വകഭേദം സജീവമായ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ പരിശോധിക്കും. 74 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 27 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.


Tags: