'താങ്കള്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്ര കാലം നെഹ്‌റു ജയിലില്‍ കിടന്നിട്ടുണ്ട്'; മോദിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

നെഹ്‌റുവിനെ ഇകഴ്ത്തിക്കാട്ടി ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്

Update: 2025-12-08 17:14 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളംതന്നെ ജവാഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്ന നെഹ്‌റു വിമര്‍ശനങ്ങള്‍ക്കെതിരേ മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി എംപി.

പശ്ചിമ ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടുന്നതെന്നും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്.

നെഹ്‌റുവിനെ അപമാനിക്കുന്ന കാര്യങ്ങള്‍ പട്ടികപ്പെടുത്തി അത് ചര്‍ച്ച ചെയ്യാന്‍ മോദിക്ക് ഇഷ്ടമുള്ളത്ര സമയം പാര്‍ലമെന്റില്‍ സംവാദം നടത്താന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും പ്രിയങ്ക പറഞ്ഞു. അങ്ങനെ നെഹ്‌റു വിഷയത്തില്‍ ഒരു തീര്‍പ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാമെന്നും പരിഹസിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ജോലിക്കായി ഈ പാര്‍ലമെന്റിന്റെ വിലയേറിയ സമയം ഉപയോഗപ്പെടുത്താമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മോദി 12 വര്‍ഷമായി പ്രധാനമന്ത്രിയാണെന്നും നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് അദ്ദേഹം 17 വര്‍ഷം പ്രധാനമന്ത്രിയുമായി. നിങ്ങള്‍ അദ്ദേഹത്തെ ഒരുപാട് കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആര്‍ഒ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മംഗള്‍യാന്‍ ഉണ്ടാകുമായിരുന്നില്ല. ഡിആര്‍ഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ തേജസ് ഉണ്ടാവുമായിരുന്നില്ല. അദ്ദേഹം ഐഐടികളും ഐഐഎമ്മുകളും സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്‌റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കില്‍ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.

വന്ദേമാതരത്തെ തഴഞ്ഞതിനു പിന്നില്‍ നെഹ്‌റുവിന്റെ മുസ്‌ലിം ലീഗിനോടുള്ള വിധേയത്വമാണെന്നായിരുന്നു മോദിയുടെ ആരോപണം. ദേശഭക്തി ഗാനത്തെ തിരുത്തുകയും അവഗണിക്കുകയും ചെയ്ത് കോണ്‍ഗ്രസ് സ്വാതന്ത്രസമര പോരാട്ടത്തിന്റെ ആത്മാവിനെ തന്നെ ഒറ്റിയെന്നും നരേന്ദ്രമോദി പറഞ്ഞു. 'വന്ദേമാതരം' രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

Tags: