നെഹ്രുട്രോഫി വളളംകളി ഇന്ന്; മാറ്റുരയ്ക്കുന്നത് 77 വള്ളങ്ങള്‍

Update: 2022-09-04 01:07 GMT

ആലപ്പുഴ: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍ത്തിവച്ച നെഹ്രുട്രോഫി വള്ളംകളി ഇന്ന് നടക്കും. 68ാമത് വള്ളംകളിയാണ് ഇത്തവണ അരങ്ങേറുന്നത്. വളളംകളിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ച കഴിഞ്ഞ് രണ്ടിന് നിര്‍വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, പി പ്രസാദ്, റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആദ്യം ഔദ്യോഗിക പരിപാടികളാണ് അരങ്ങേറുക. തുടര്‍ന്ന് നാല് മണിയോടെ പ്രാഥമിക മല്‍സരങ്ങള്‍ നടക്കും. മികച്ച സമയത്ത് തുഴഞ്ഞെത്തുന്ന 9 വള്ളങ്ങള്‍ക്ക് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പ്രവേശനാനുമതി ലഭിക്കും. മല്‍സരഫലം കുറ്റമറ്റതാക്കാന്‍ ഫോട്ടോ ഫിനിഷിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇത്തവണ 77 വള്ളങ്ങള്‍ പേര് രജസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചുണ്ടന്‍ വിഭാഗത്തില്‍ 20, ചുരുളന്‍ 3, ഇരുട്ടുകുത്തി എ ഗ്രേഡ് 5, ഇരുട്ടുകുത്തി ബി ഗ്രേഡ് 16, ഇരുട്ടുകുത്തി സി ഗ്രേഡ് 13, വെപ്പ് ബി ഗ്രേഡ് 9, വെപ്പ് ബി ഗ്രേഡ് 9.

ഇതിനിടയില്‍ അമിത് ഷാ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം അരങ്ങേറുകയുണ്ടായി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമിത് ഷാ വള്ളംകളിക്ക് എത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പിന്നീട് പുറത്തുവിട്ട അദ്ദേഹത്തിന്റെ സന്ദര്‍ശന ഷെഡ്യൂളില്‍ നെഹ്രുട്രോഫി വള്ളംകളി ഉണ്ടായിരുന്നില്ല. 

Tags: