നീറ്റ് പരീക്ഷാ പരിശോധനയ്‌ക്കെത്തിയത് 500 രൂപ ദിവസവേതനക്കാര്‍; അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തല്‍

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്

Update: 2022-07-20 09:21 GMT

കൊല്ലം: നീറ്റ് പരീക്ഷയില്‍ കുട്ടികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികളെ പരിശോധിച്ചത് 500 രൂപ കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവരാണെന്ന വിവരമാണ് പുറത്ത് വന്നത്. ആയൂര്‍ മാര്‍ത്തോമാ കോളജില്‍ പരിശോധനയ്ക്കുള്ളവരെ എത്തിച്ച ജോബി ജീവന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആളുകളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും അടിവസ്ത്രം അഴിക്കാന്‍ പരിശോധിച്ചവര്‍ പറഞ്ഞിട്ടില്ലെന്നും

ജോബി ജീവന്‍ പറഞ്ഞു. കരുനാഗപ്പള്ളി സ്വദേശി അരവിന്ദാക്ഷന്‍പിള്ള പറഞ്ഞതനുസരിച്ചാണ് എട്ടു പേരെ കോളജിലേക്ക് അയച്ചത്. ആര്‍ക്കും പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. 500 രൂപ വേതന അടിസ്ഥാനത്തിലാണ് ആളുകളെ വിട്ടത്. സ്റ്റാര്‍ ഏജന്‍സിയായ നീറ്റ് അധികൃതരുമായും സംസാരിച്ചിട്ടുണ്ടായിരുന്നില്ല. കരുനാഗപ്പള്ളി സ്വദേശി മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്ത കാര്യങ്ങളാണ് കോളജില്‍ ചെയ്തത്.

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അടിവസ്ത്രം അടക്കം അഴിക്കാന്‍ പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പറഞ്ഞിട്ടില്ല. ഈ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോളജ് അധികൃതര്‍ക്കാണ്. നിലവില്‍ അറസ്റ്റിലായിട്ടുള്ളവര്‍ നിരപരാധികളാണെന്നും ജോബി ജീവന്‍ പറഞ്ഞു. ജോബി ജീവന്റെ മകള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്

അന്വേഷണത്തിന് മൂന്നംഗ സമിതി

നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ചെന്ന വിദ്യാര്‍ഥിനികളുടെ പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിന്‍സിപ്പലാണ് ഷൈലജ. കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപോര്‍ട്ട് നല്‍കണം. 

Tags: