തൊഴിലാളികള്‍ക്ക് കൊവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

Update: 2020-08-22 04:11 GMT

കൊല്ലം: തൊഴിലാളികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ ഇനി ഹാര്‍ബറുകള്‍ തുറക്കുകയുള്ളൂ. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഉന്നതതല യോഗത്തിലാണ് തീരുമാനം.

രണ്ട് ദിവസം മുമ്പ് ശക്തികുളങ്ങര മത്സ്യ ബന്ധന തുറമുഖത്ത് പതിനാല് തൊഴിലാളികള്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടത്തെ തിരക്ക് ഒഴിവാക്കാന്‍ ഹാര്‍ബറുകളില്‍ മത്സ്യ വിപണനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനാണ് ജില്ലാഭരണ കൂടത്തിന്റെ തീരുമാനം. അതേസമയം തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 25 രോഗികള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.





Tags: