വീണ്ടും ജയില്‍ മാറണമെന്ന് ആവശ്യം; കൊലക്കേസ് പ്രതി കൊടി സുനി നിരാഹാരം നടത്തി

വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന പരാതി കണ്ണൂര്‍ ജയിലിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തുന്നത്

Update: 2021-09-28 13:46 GMT

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് അതിസുരക്ഷാ ജയിലിലേക്ക് മാറ്റം വാങ്ങിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി വീണ്ടും ജയില്‍ മാറ്റം ആവശ്യപ്പെട്ടു. അതിസുരക്ഷാ ജയിലില്‍ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ സാധിക്കുന്നില്ലെന്നും ഇവിടെ നിന്നും മാറ്റണമെന്നുമാണ് കൊടി സുനി ആവശ്യപ്പെടുന്നത്. ഇതിനു വേണ്ടി മിനിഞ്ഞാന്ന് രാത്രി മുതല്‍ ഇന്ന് രാവിലെ വരെ നിരാഹാര സമരം നടത്തി. വിയ്യൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാണ് കൊടി സുനിയുടെ ആവശ്യം.


വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവിടെ പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരേപ്പോലെ പുറത്തിറങ്ങി ജോലി ചെയ്യാനോ കൊടി സുനിക്ക് സാധിച്ചിരുന്നില്ല. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന കൊടി സുനിയുടെ അപേക്ഷ നേരത്തെ ഡിജിപി തള്ളിയിരുന്നു.ജയില്‍ മാറ്റം ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് കൊടി സുനിയുടെ നീക്കം.


നിരാഹാര സമരം പരാജയപ്പെട്ടതോടെ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. വിയ്യൂര്‍ ജയിലില്‍ വധഭീഷണിയുണ്ടെന്ന പരാതി കണ്ണൂര്‍ ജയിലിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സുനിക്ക് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. കൊടി സുനി പരാതിയില്‍ പേരെടുത്ത് പറഞ്ഞ തടവുകാരന്‍ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.




Tags:    

Similar News