നെടുമ്പാശേരി വിമാനത്താവളം: ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പദ്ധതി ഫാസ്റ്റ് ട്രാക്കില്‍; കസ്റ്റംസ്, ഇമിഗ്രേഷന്‍, സിഐഎസ്എഫ് സംയുക്ത പരിശോധന നടത്തി
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ കസ്റ്റംസ്, ഇമിഗ്രേഷന്‍, സി.ഐ.എസ്.എഫ് എന്നിവ സംയുക്തമായി പരിശോധന നടത്തിയതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍)ന്റെ ബിസിനസ് ജെറ്റ് ടെര്‍മില്‍ പദ്ധതി ഫാസ്‌റ്ട്രാക്കിലായി. നേരത്തെ ആഭ്യന്തര ഓപ്പറേഷന് ഉപയോഗിച്ചിരുന്ന ഇടത്ത് ബിസിനസ് ജെറ്റ് ടെര്‍മിനല്‍, വി.ഐ.പി. സേഫ് ഹൗസ്, ട്രാന്‍സിറ്റ് ഹോട്ടല്‍ എന്നിവ പണികഴിപ്പിക്കാനാണ് സിയാല്‍ ലക്ഷ്യമിടുന്നത്. കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫ് ഐ.ആര്‍.എസ്, ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍ അനൂപ് കൃഷ്ണന്‍ ഐ.പി.എസ്, സി.ഐ.എസ്.എഫ് ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പ് സീനിയര്‍ കമാന്‍ഡന്റ് സുനിത് ശര്‍മ എന്നിവരടങ്ങിയ സംഘമാണ് ടെര്‍മിനല്‍ 2 ല്‍ പരിശോധന നടത്തിയത്. .
സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐ.എ.എസ് പദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. ഔപചാരികമായ അനുമതിയ്ക്കുവേണ്ടി പദ്ധതിയെ സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സംയുക്ത സമിതി, സിയാലിന് നിര്‍ദേശം നല്‍കി. കേന്ദ്ര ഏജന്‍സികള്‍ സംയുക്ത പരിശോധന നടത്തിയത് സിയാലിന്റെ പ്രോജക്ട് ടീമിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടെന്ന് എസ് സുഹാസ് പറഞ്ഞു. അനുമതി നടപടികള്‍ക്ക് തുടക്കമായതോടെ ടെര്‍മിനല്‍2 ന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ സെപ്റ്റംബറില്‍ ആരംഭിക്കാനുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി സിയാല്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പിലാക്കുകയാണ്. വിമാനത്താവളത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും ഏറെ മുന്‍ഗണന നല്‍കുന്ന പദ്ധതിയായണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ലെന്ന് സുഹാസ് പറഞ്ഞു.
നേരത്തെ ആഭ്യന്തര ഓപ്പറേഷന്‍ നടത്തിയിരുന്ന രണ്ടാം ടെര്‍മിനലിന് ഒരു ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. ഇതാണ് ഇപ്പോള്‍ നവീകരിക്കുന്നത്. ഇത് മൂന്ന് ബ്ലോക്കായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ നിര്‍മിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, കസ്‌ററംസ്, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും. വി.വി.ഐ.പി സ്ഥിരം സേഫ് ഹൗസ് ആണ് ഇവിടെ ഒരുക്കുന്നത്. മറ്റ് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കാതെ, പ്രധാനമന്ത്രി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ള വി.വി.ഐ.പിമാരുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും. ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലത്താണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണികഴിപ്പിക്കുക. വാടക പ്രതിദിന നിരക്കില്‍ ഈടാക്കുന്നതിന് പകരം, മണിക്കൂര്‍ നിരക്കില്‍ ഈടാക്കുന്നതോടെ ലഘുസന്ദര്‍ശനത്തിനെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തില്‍ത്തന്നെ താമസിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. ഒന്ന്, രണ്ട് ബ്ലോക്കുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സിയാല്‍ പദ്ധതിയിടുന്നത്.

