നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച പി എസ് പ്രശാന്തിനെ പുറത്താക്കി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതെന്ന് സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
നെടുമങ്ങാട്ടെ തോല്‍വിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരില്‍ ചിലരെ ഡിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് പി എസ് പ്രശാന്ത് ആരോപിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മേഖലാ തലത്തില്‍ അഞ്ച് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ആ സമിതികളുടെ റിപോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ല. പദവികളില്‍ ഇരുന്ന് കൊണ്ട് വ്യക്തിഹത്യ ചെയ്യാനും ഗൂഢാലോചന നടത്താനും ശ്രമിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ എങ്ങിനെയാണ് ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്നും പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
