ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നവംബര്‍ 20ന്; നിതീഷ് കുമാറിന്റെ മന്ത്രിസഭാ യോഗം അല്‍പ്പസമയത്തിനകം
പട്‌ന: ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ നവംബര്‍ 20 ന് (വ്യാഴാഴ്ച) പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യും. പത്താം തവണയും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ബിഹാറില്‍ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള വേദി ഒരുങ്ങുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍. നിതീഷ് കുമാറിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11:30 ന് ചേരും. മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം പാസാക്കും. അതിനുശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജി സമര്‍പ്പിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 202 സീറ്റുകളാണ് നേടിയത്. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിഹാറിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് സഞ്ജയ് കുമാര്‍ ഝാ ഞായറാഴ്ച നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.