ജനസംഖ്യാ നിയന്ത്രണ നിയമത്തെ ന്യായീകരിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍

Update: 2021-07-11 08:00 GMT

മുംബൈ: സമൂഹത്തെ സ്വയം പര്യാപ്തമാക്കി സാമൂഹിക ക്ഷേമം നിലനിര്‍ത്താന്‍ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. യുപിയിലെ ജനസംഖ്യാ നിയന്ത്രണ നിയമം കരട് വിജ്ഞാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് പവാര്‍ ബില്ലിനെ ന്യായീകരിച്ച് രംഗത്ത് വന്നത്. സമൂഹത്തെ ആരോഗ്യകരമായും സാമ്പത്തികമായും സമതുലിതമായി നിലനിര്‍ത്താന്‍ ജനസംഖ്യാ നിയന്ത്രണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിന്റെ സന്ദേശം താഴെത്തലത്തിലെത്തിക്കണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും വരുമാനവും നിലനിര്‍ത്താനും ആരോഗ്യകരമായ ജീവിത നിലവാരം ഉറപ്പുവരുത്താനും പാരിസ്ഥിതികനില സമതുലിതമാക്കാനും ജനസംഖ്യാ വര്‍ധനയെക്കുറിച്ച് പൗരന്മാര്‍ ബോധവാന്മാരാകണം. ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുന്നതിനെക്കുറിച്ച് അവര്‍ പ്രതിജ്ഞാബദ്ധരുമായിരിക്കണം- ജനസംഖ്യാ ദിനത്തില്‍ പവാര്‍ പറഞ്ഞു.

ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഞായറാഴ്ച രാവിലെ രംഗത്തുവന്നിരുന്നു.

രണ്ട് കുട്ടികളുളള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നായിരുന്നും രാജ്യത്തെ അസമത്വത്തിന്റെ പ്രാഥമിക കാരണം ജനസംഖ്യാ വര്‍ധനയാണെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന.

യുപിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് യുപി നിയമ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.