വിളയോടി ശിവന്‍കുട്ടിയെ വിട്ടയക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ

Update: 2021-09-24 14:17 GMT

മലപ്പുറം: കൊല്ലംകോട് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് വിളയോടി ശിവന്‍കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ മലപ്പുറം ജില്ലാ ചാപ്റ്റര്‍ ആവശ്യപ്പെട്ടു പാലക്കാട് ജില്ലയിലെ പോലിസ് അതിക്രമങ്ങള്‍ക്കും ദുരൂഹമരണങ്ങള്‍ക്കും എതിരെ നിരന്തരം പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിലാണ് പോലിസ് ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.

സമ്പത്ത് വധക്കേസിലെ പ്രതിയായ കൊല്ലംകോട് സിഐ വിപിന്‍ദാസ് ആണ് ശിവന്‍കുട്ടിക്കെതിരെ ചിറ്റൂര്‍ ഡിവൈഎസ്പിക്ക് വ്യാജ പരാതി നല്‍കിയത്. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട് പോലിസ് ആത്മഹത്യയാക്കി മാറ്റിയ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജിന്റെ മരണത്തില്‍ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കൊല്ലംകോട് പോലിസ് സ്‌റ്റേഷനിലേക്ക് ആക്ഷന്‍ കൗണ്‍സില്‍ മാര്‍ച്ച് നടത്തിയിരുന്നു. അത് ഉദ്ഘാടനം ചെയ്ത ശിവന്‍കുട്ടി പോലിസിന്റെ കെടുകാര്യസ്ഥതയ്ക്ക് എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. അതിന്റെ പ്രതികാരമായിട്ടാണ് സിഐക്കെതിരേ ജാതി അധിക്ഷേപം നടത്തിയെന്ന് പറഞ്ഞ് ശിവന്‍കുട്ടിക്കെതിരെ രംഗത്തുവന്നത്. 

പോലിസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രക്ഷോഭ രംഗത്തിറങ്ങുന്നവരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ഉള്ള പോലിസിന്റെ ശ്രമം വിജയിക്കുകയില്ലെന്ന് എന്‍സിഎച്ച്ആര്‍ഒ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുള്ള യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കുരിക്കള്‍ ഷബീര്‍, ശരീഫ് നടുത്തൊടി, റഫീക്ക് താനൂര്‍, അബ്ദുള്ളക്കുട്ടി വൈലത്തൂര്‍ സംസാരിച്ചു.

Tags:    

Similar News