നവരാത്രി മഹോത്സവം: സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ യോഗം ചേര്‍ന്നു

Update: 2021-09-29 00:44 GMT

തിരുവനന്തപുരം: നവരാത്രി മഹോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ്കളക്റ്ററുടെയും പോലിസിന്റെയും ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും യോഗം മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്നു. കൊവിഡ്19 പ്രോട്ടോകോള്‍ പാലിച്ച് അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഭക്തജനങ്ങളുടെ ആഗ്രഹവും കീഴ്വഴക്കവും പാരമ്പര്യത്തിനും ഒന്നിനും സര്‍ക്കാര്‍ എതിരല്ല. 

ആവശ്യമുള്ള ആളുകള്‍ മാത്രം നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കണം. ഒരാള്‍ ആവശ്യമുള്ളയിടത്ത് ഒരുപാടുപേര്‍ വന്ന് നില്‍ക്കേണ്ട കാര്യമില്ല. ആവശ്യക്കാര്‍ക്കുള്ള പാസ് പൊലിസ് വിതരണം ചെയ്യും. അതിനുള്ള അപേക്ഷ പൊലിസിന് സമര്‍പ്പിക്കണം. ഉടവാളുമായി വരുന്ന ഭക്തര്‍ക്ക് പാറശ്ശാല, നെയ്യാറ്റിന്‍കര, നേമം തുടങ്ങിയ സ്ഥലങ്ങളില്‍ അരമണിക്കൂര്‍ വീതം വിശ്രമം അനുവദിക്കുന്നത് പരിഗണിക്കാവുന്നതാണ്. വെള്ളികുതിരയെ കൊണ്ടുവരുന്ന കാര്യത്തില്‍ ഭക്തര്‍ക്ക് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ കലക്ടറുമായി ആലോചിച്ച് തീരുമാനം എടുക്കും. 

കേരളാ അതിര്‍ത്തികടന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ കലക്ടര്‍, സിറ്റി പൊലിസ് കമ്മീഷണര്‍, റൂറല്‍ എസ്.പി എന്നിവരുമായി കൂടിയാലോചിച്ച് ഒരു ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സബ്കളക്റ്റര്‍, റൂറല്‍ എസ്.പി. മധു,സിറ്റി പൊലിസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഉദ്യോഗസ്ഥര്‍, നവരാത്രി ആഘോഷകമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Tags: