കട്ടുപ്പാറ സ്വദേശി ജുബൈലിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു

Update: 2023-01-23 03:07 GMT

ജുബൈല്‍: സൗദി അറേബ്യയിലെ ജുബൈലില്‍ കട്ടുപ്പാറ സ്വദേശി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചു. രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന സമയത്തായിരുന്നു കൊലപാതകം. ജുബൈല്‍ 'ജെംസ്' കമ്പനി ജീവനക്കാരനും കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹപ്രവര്‍ത്തകന്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം.

ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നുവത്രെ. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഉടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയായി മഹേഷ് വിഷാദരോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അവധി നല്‍കുകയും വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ മഹേഷിനെ കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാരന്‍ മൊയ്ദീന്‍ താമസസ്ഥലത്തെത്തി സന്ദര്‍ശിക്കുകയും വിവരങ്ങള്‍ അന്വേഷിച്ച് സമാധാനിപ്പിക്കുകയും ചെയ്തു.

എന്നാല്‍, ഉച്ചയായപ്പോഴേക്കും ഇയാള്‍ സഹപ്രവര്‍ത്തകനെ കുത്തിയ വിവരമാണ് കമ്പനിയിലെത്തിയത്. ഉടന്‍തന്നെ പോലിസില്‍ അറിയിക്കുകയും ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും മുഹമ്മദലിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പോലിസിനോട് സമ്മതിച്ചു. ആറുവര്‍ഷമായി 'ജെംസ്' കമ്പനിയില്‍ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെന്നൈ സ്വദേശിയായ ഇയാള്‍ അഞ്ചുവര്‍ഷമായി ഇതേ കമ്പനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു. ഒരാഴ്ചയായി ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദം അധികരിക്കുകയും ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട മുഹമ്മദലിയെയും മഹേഷിനെയും കൂടാതെ മറ്റൊരാള്‍ കൂടി ഇവരുടെ മുറിയില്‍ താമസിക്കുന്നുണ്ട്. സംഭവസമയം അദ്ദേഹം ഡ്യൂട്ടിയിലായിരുന്നു. കമ്പനിയധികൃതരും ജുബൈലിലെ സന്നദ്ധപ്രവര്‍ത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈല്‍ ജനറല്‍ ആശുപത്രിയിലെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാല് പെണ്‍ക്കളുണ്ട്.

Tags: