തിരുവനന്തപുരം; സംസ്ഥാനത്തിന്റെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതല്‍ ഉണര്‍വേകുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയ ജലപാതയുടെ 168 കിലോമീറ്ററിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
കൊല്ലം മുതല്‍ കോഴിക്കോട് വരെ 328 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ദേശീയ ജലപാത നിര്‍മിക്കുന്നത്. ഇതില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെയുള്ള 168 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് നിലവില്‍ ഗതാഗത യോഗ്യമാക്കിയിട്ടുള്ളത്. ബാക്കി വരുന്ന 160 കിലോമീറ്ററിലെ പ്രവൃത്തികള്‍ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) ദേശീയ ജലപാത അതോറിറ്റി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് താമസിയാതെ കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
ദേശീയ ജലപാതയില്‍ ഉള്‍പ്പെടാത്ത മറ്റു ഭാഗങ്ങള്‍ സംസ്ഥാന ജലപാത ആയി പരിഗണിച്ചാണ് പ്രവര്‍ത്തനങ്ങള്‍. ഇതില്‍ കോവളം മുതല്‍ ആക്കുളം വരെ കനാല്‍ വീതി കൂട്ടുന്നതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി ധനസഹായത്തോടെ 66.39 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കി. കോവളം മുതല്‍ വര്‍ക്കല വരെ കനാല്‍ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടി വരുന്ന 1,275 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കിഫ്ബിയുടെ ധനസഹായത്തോടെ 247.2 കോടി രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
പുനരധിവാസ പദ്ധതി പ്രകാരം ഫ്‌ലാറ്റുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുകയോ, വസ്തു വാങ്ങി വീട് വയ്ക്കുന്നതിന് താല്പര്യമുള്ളവര്‍ക്ക് ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം മാതൃകയില്‍ ഭൂമി വാങ്ങി വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുകയോ ചെയ്യും.
കോഴിക്കോട് നഗരത്തിലൂടെ കടന്നുപോകുന്ന കനോലി കനാല്‍ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനായി ഏകദേശം 1,118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. മാഹി-വളപട്ടണം ഭാഗത്ത് ഏകദേശം 26.5 കിലോമീറ്ററും നീലേശ്വരം ബേക്കല്‍ ഭാഗത്ത് 6.5 കിലോമീറ്ററും കനാല്‍ പുതുതായി നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 839 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചു.
