ഭരണനിര്‍വഹണ മാതൃകകളെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ തിരുവനന്തപുരത്ത്

Update: 2022-08-12 13:57 GMT

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ 40 വര്‍ഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായി മികച്ച ഭരണനിര്‍വഹണ മാതൃകളെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ഐഎംജിയില്‍ ആണ് പരിപാടി നടക്കുക. ആഗസ്റ്റ് 16 രാവിലെ 10 മണിക്ക് പത്മം ഓഡിറ്റോറിയത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് സിസ്റ്റം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിപ്‌സ് ഡയറക്ടര്‍ അചലേന്ദ്ര റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും.

ആന്ധ്രാപ്രദേശ്, ബീഹാര്‍, ന്യൂഡല്‍ഹി, ഹരിയാന ഹിമാചല്‍പ്രദേശ്, ലഡാക്, ത്രിപുര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇരുപതോളം ഭരണനിര്‍വഹണ മാതൃകകള്‍ അവതരിപ്പിക്കും. നൂതനാശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയവ ഉള്‍പ്പെടെ കേരളത്തിലെ പത്തോളം മികച്ച മാതൃകകളും ദേശീയ സെമിനാറില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നിന്നായി ഇരുന്നുറോളം പേര്‍ സെമിനാറില്‍ പങ്കെടുക്കും. ഐ.എം.ജി യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags: