നാഷണല്‍ ഹെറാള്‍ഡ്: നാലാം ദിവസം ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇഡി ഓഫിസില്‍ ഹാജരായി

Update: 2022-06-20 07:28 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായി രാഹുല്‍ ഗാന്ധി നാലാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫിസില്‍ ഹാജരായി. പന്ത്രണ്ടു മണിയോടെയാണ് അദ്ദേഹം ഓഫിസിലെത്തിയത്.

മൂന്നംഗം ഇഡി ടീമാണ് ചോദ്യം ചെയ്യല്‍ നടത്തുക. രാഹുലിന് ഉച്ചഭക്ഷണത്തിന് സമയം നല്‍കും.

വെള്ളിയാഴ്ചയും രാഹുലിനെ ചോദ്യം ചെയ്തിരുന്നു. മാതാവ് സോണിയാഗാന്ധിയുടെ രോഗാവസ്ഥ ചൂണ്ടിക്കാട്ടി മൊഴിയെടുക്കല്‍ മാറ്റിവയ്ക്കണമെന്ന് രാഹുല്‍ ഇ ഡിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അവരത് അംഗീകരിച്ച് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഇതുവരെ അദ്ദേഹത്തെ 30 മണിക്കൂര്‍ ചോദ്യം ചെയ്തുകഴിഞ്ഞു.

രാഹുലിനെ ചോദ്യം ചെയ്യുന്നതിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ജന്തര്‍ മന്ദിറില്‍ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ രാവിലെത്തന്നെ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ജന്തര്‍ മന്ദിറിലേക്കുള്ള എല്ലാ വഴികളും പോലിസ് അടച്ചു. ഇതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പലയിടത്തും പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു.

കൊവിഡുമായി ബന്ധപ്പെട്ട രോഗം ബാധിച്ച് സോണിയാഗാന്ധി ജൂണ്‍ 23 മുതല്‍ ആശുപത്രിയിലാണ്. 

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. രാഹുലിനു പുറമെ സോണിയാഗാന്ധിക്കും നോട്ടിസ് ലഭിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് രാഹുലിനും മാതാവ് സോണിയാഗാന്ധിക്കുമെതിരേ ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. 

Tags:    

Similar News