നാഷണല്‍ ഹെറാള്‍ഡ് കേസ്;സോണിയാഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

Update: 2022-07-21 09:59 GMT
ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു.മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്.ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ അവസാനിപ്പച്ചതെന്ന് ഇഡി വ്യക്തമാക്കി.

ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫിസില്‍ ഹാജരായത്.എഐസിസി ആസ്ഥാനത്തുനിന്നാണ് സോണിയ ഇഡി ഓഫിസിലേക്ക് എത്തിയത്.കൊവിഡിനെ തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിക്കും,പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ചോദ്യം ചെയ്യലിനായി ഇഡി ഓഫിസില്‍ ഹാജരായത്.സോണിയയുടെ വാഹനത്തെ കാല്‍നടയായി അനുഗമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു.പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇഡിയെ കേന്ദ്ര സര്‍ക്കാര്‍ ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.






Tags:    

Similar News