നാഷനല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ്

മെയ് എട്ടിന് കേസ് വീണ്ടും പരിഗണമെന്ന് സ്‌പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഗ്‌നെ അറിയിച്ചു

Update: 2025-05-02 10:54 GMT
നാഷനല്‍ ഹെറാള്‍ഡ് കേസ്; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ്

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും നോട്ടിസ്. ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് നോട്ടിസ് അയച്ചത്. ഏപ്രില്‍ 15ന് നാഷണല്‍ കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെതിരേ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് 661 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. സോണിയയും രാഹുലും ഉടമസ്ഥരായുള്ള യങ് ഇന്ത്യന്റെ സ്വത്തുവകകളാണ് ഇഡി പിടിച്ചെടുത്തത്. സ്വാതന്ത്ര്യസമര സേനാനികള്‍ 1938ല്‍ രൂപീകരിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രവും അതിന്റെ സ്വത്തും നിലവിലെ കോണ്‍ഗ്രസ് നേതാക്കള്‍ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചെന്നാണ് കേസ്. മെയ് എട്ടിന് കേസ് വീണ്ടും പരിഗണമെന്ന് സ്‌പെഷ്യല്‍ ജഡ്ജ് വിശാല്‍ ഗോഗ്‌നെ അറിയിച്ചു.


കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന ഭൂമി സ്വന്തമാക്കിയെന്നും അതിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്നും ആരോപിച്ച് സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരേ ബിജെപി മുന്‍ എംപി സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് വിഷയം ശ്രദ്ധനേടിയത്. രാഹുല്‍ ഗാന്ധി ഡയറക്ടറായിരുന്ന യങ് ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം വഴിയാണ് എജെഎല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ ഇരുവരും സ്വന്തമാക്കിയതെന്നാണ് ആരോപണം. മുന്‍ നിയമമന്ത്രി ശാന്തി ഭൂഷണ്‍, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എന്നിവരുള്‍പ്പെടെ എജെഎല്ലിന്റെ പല ഓഹരിയുടമകളും വിഷയത്തില്‍ സോണിയയ്ക്കും രാഹുലിനും എതിരായാണ് മൊഴി നല്‍കിയതായാണ് റിപോര്‍ട്ട്. 2014ലാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിക്കുന്നത്.

Tags:    

Similar News