നാഷണല്‍ ഹെരാള്‍ഡ് കേസ്: രാഹുലിനെതിരേയുള്ള ഇ ഡിയുടെ ചോദ്യംചെയ്യല്‍ അഞ്ചാം ദിവസത്തേക്ക്

Update: 2022-06-21 04:26 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെരാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസത്തേക്ക് കടന്നു. ഇതിനകം വയനാട് എംപി കൂടിയായ രാഹുലിനെ 40 മണിക്കൂറോളം ഈ കേസില്‍ ചോദ്യം ചെയ്തുകഴിഞ്ഞു. ഇന്നത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായേക്കുമെന്നാണ് അറിയുന്നത്.

രണ്ട് ദിവസം മുമ്പ് രാഹുലിന് ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാവുന്നതില്‍നിന്ന് അവധി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മാതാവ് സോണിയാ ഗാന്ധി ആശുപത്രിയില്‍ ചികില്‍സ തേടുന്ന സാഹചര്യത്തിലായിരുന്നു അത്. ഇതേ കേസില്‍ സോണിയാഗാന്ധിക്ക് ഹാജരാവാന്‍ ജൂണ്‍ 23 വരെ ഇ ഡി സമയം നല്‍കിയിട്ടുണ്ട്. ഇന്ന് സോണിയ ഹാജരാവാനിടയില്ല.

യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അധീനതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയക്കും രാഹുലിനും ഇ ഡി നല്‍കിയ നോട്ടിസിലുള്ളത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.

അസിസ്റ്റന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്. ഡെപ്യൂട്ടി ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് മേല്‍നോട്ടം വഹിക്കുന്നത്.

2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. 

Tags:    

Similar News