ന്യൂഡല്‍ഹി: ശാസ്ത്രമേഖലയിലെ ഉന്നത പഠനത്തിനായുള്ള ദേശീയതല പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ്) 2026 ഏപ്രില്‍ 12നു നടത്തും. ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഈ വര്‍ഷത്തെ പരീക്ഷാ ചുമതല ഐസര്‍ തിരുപ്പതിക്കാണ്. ജെസ്റ്റ് 2026 സ്‌കോര്‍ 2028ലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സാധുവായിരിക്കും.
രാജ്യത്തെ പ്രമുഖ ഗവേഷണവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫിസിക്‌സില്‍ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ്‌സി പ്രോഗ്രാമുകള്‍ക്കും തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കും ജെസ്റ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്.
ജെസ്റ്റ് സ്‌കോര്‍ പരിഗണിക്കുന്ന പ്രധാന സ്ഥാപനങ്ങളില്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ്, ബോസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഹോമി ഭാഭ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ആന്‍ഡ് ടെക്‌നോളജി, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ വിവിധ ഐസര്‍ കാമ്പസുകളും മറ്റു ദേശീയ ഗവേഷണ കേന്ദ്രങ്ങളും ജെസ്റ്റ് മുഖേന പ്രവേശനം നല്‍കും.
യോഗ്യതയില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കും. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, എന്‍ജിനിയറിങ് ഫിസിക്‌സ്, കെമിസ്ട്രി, ബയോഫിസിക്‌സ്, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ എംഎസ്‌സി, ബിടെക് (എന്‍ജിനിയറിങ് ഫിസിക്‌സ്), എംഇ/എംടെക് (അപ്ലൈഡ് ഫിസിക്‌സ്/എന്‍ജിനിയറിങ്) യോഗ്യതയുള്ളവര്‍ക്ക് ഫിസിക്‌സില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. വിവിധ ബ്രാഞ്ചുകളില്‍ എംഇ/എംടെക്/ബിടെക്/എംസിഎ യോഗ്യതയുള്ളവര്‍ക്ക് തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടേഷണല്‍ ബയോളജി മേഖലകളില്‍ പിഎച്ച്ഡിക്ക് അവസരമുണ്ട്.
ഫിസിക്‌സ്, തിയററ്റിക്കല്‍ കംപ്യൂട്ടര്‍ സയന്‍സ് എന്നീ രണ്ട് പേപ്പറുകളിലായാണ് പരീക്ഷ. ഒരാള്‍ക്ക് ഒരേയൊരു പേപ്പര്‍ മാത്രമേ എഴുതാന്‍ സാധിക്കൂ. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് പരമാവധി 100 മാര്‍ക്കാണ്. പരീക്ഷയ്ക്ക് പ്രായപരിധിയില്ല, എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം. എന്നാല്‍ പ്രവേശനത്തിനായി സ്ഥാപനങ്ങള്‍ പ്രായനിബന്ധന നിശ്ചയിച്ചേക്കാം.
കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ. അപേക്ഷ സ്വീകരിക്കല്‍ ഉടന്‍ ആരംഭിക്കും. ഫീസ് 1200 രൂപയാണ്. പട്ടികജാതി/പട്ടികവര്‍ഗം/ഭിന്നശേഷിക്കാര്‍ക്ക് 600 രൂപയാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.jest.org.in സന്ദര്‍ശിക്കുക.

