ദേശീയ വിരവിമുക്ത ദിനം ഇന്ന് : വിതരണത്തിനെത്തിയ ഗുളികകളില്‍ ഗുണനിലവാരമില്ലാത്തവയും

ഗുണനിലവിരമില്ലാത്ത ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടെന്ന്‌ അതാത് സ്ഥാപനധികൃതരെ തിങ്കളാഴ്ച രാത്രിയോടെ അറിയിച്ചതായി മേലടി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് ബാബു

Update: 2020-02-25 07:55 GMT

പയ്യോളി: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഗുളികകളില്‍  ഗുണ നിലവാരമില്ലാത്തവയും എത്തിയതായി ആരോഗ്യ വിഭാഗം . മേലടി സാമൂഹികരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിതരണം ചെയ്ത അല്‍ബന്‍ഡസോള്‍ ഗുളികകളുടെ രണ്ട് ബാച്ചുകളില്‍ ഒന്നാണ് ഗുണനിലവിരമില്ലാത്തതെന്നാണ് ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്.

053 , 054 എന്നീ ബാച്ചുകളാണ് വിതരണത്തിനായി എത്തിയത്. എന്നാല്‍ ഇവയാകട്ടെ മേഖലയിലെ നൂറുകണക്കിന് സ്‌കൂളുകളിലും അങ്കനവാടികളിലും തിങ്കളാഴ്ചയോടെ എത്തിച്ചതിന് ശേഷം വൈകീട്ടോടെയാണ് ഇവ ഗുണനിലവാരമില്ലാത്തതാണെന്ന് വിവരം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍ക്കും ലഭിക്കുന്നത്. തിക്കോടി ഭാഗത്ത് വിതരണം ചെയ്തതില്‍ ഗുളികകളില്‍ ഭൂരിഭാഗവും നിരോധിച്ച ബാച്ചില്‍ പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഗുണനിലവിരമില്ലാത്ത ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടെന്ന്‌  അതാത് സ്ഥാപനധികൃതരെ തിങ്കളാഴ്ച രാത്രിയോടെ അറിയിച്ചതായി മേലടി സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുരേഷ് ബാബു വ്യക്തമാക്കി. നിരോധിക്കാത്ത ഗുളികകളും ചൊവ്വാഴ്ച ഉച്ചയോടെ മാത്രമെ കുട്ടികള്‍ക്ക് നല്‍കുകയുള്ളൂ. അതേസമയം ഗുളിക വിതരണം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിര്‍ദ്ദേശം ചൊവ്വാഴ്ച രാവിലെയോടെ മാത്രമെ ലഭിക്കുകയുള്ളൂവെന്നും മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. വിരഗുളിക വിതരണത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് മൂന്നിന് നടക്കുന്നുണ്ട്. 


Similar News