സെന്‍സസില്‍ പിന്നാക്കക്കാരുടെ കണക്കെടുക്കണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍
ന്യൂഡല്‍ഹി: 2021 സെന്‍സസില്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ കണക്കും ഉള്‍പ്പെടുത്തണമെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ സെന്‍സസിന് നേതൃത്വം നല്‍കുന്ന സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ സെക്രട്ടറി ആനന്ദ്കുമാറാണ് ഇതുസംബന്ധിച്ച ശുപാര്‍ശ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം പിന്നാക്ക കമ്മീഷന്റെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു യോഗം നടന്നിരുന്നു. ഈ യോഗത്തിലാണ് പിന്നാക്ക ജാതി സെന്‍സസ് കൂടി സെന്‍സസിന്റെ ഭാഗമാക്കണമെന്ന തീരുമാനമുണ്ടായത്. തീരുമാനം ഐകകണ്‌ഠേനയായിരുന്നു.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് മല്ലേഷ് യാദവ് എന്നൊരാള്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഹരജിയില്‍ മന്ത്രാലയം കക്ഷി ചേരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പിന്നാക്ക കമ്മീഷന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനാപദവി നല്‍കിയിരുന്നു. കൂടാതെ മുന്‍ ഡല്‍ഹി ചീഫ് ജസ്റ്റിസ് ജി രോഹിണിയെ ചെയര്‍മാനാക്കി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒബിസി വിഭാഗത്തെ വീണ്ടും തരംതിരിച്ച് കൂടുതല്‍ പിന്നാക്കമായ വിഭാഗത്തെ കണ്ടെത്തി സംവരണം അവരിലേക്ക് പരിമിതിപ്പെടുത്താനാണ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഒബിസി വിഭാഗത്തെ തരംതിരിച്ചാനുള്ള ഡാറ്റ ലഭിക്കാത്തതിനാല്‍ അക്കാര്യം ഇതുവരെ നടപ്പാക്കാനായില്ല.
2015 ഡിസംബര്‍ 12ന് ഇതേ പാനല്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെലോട്ടിന് ജാതി സെന്‍സസ് നടത്തുന്നതിനാവശ്യമായ രീതിയില്‍ ബജറ്റില്‍ ഫണ്ട് നീക്കവയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിനു മറുപടിയായി ഗലോട്ട് 2019 മാര്‍ച്ച് 7ന് ജാതി സെന്‍സസ് നടത്താനുള്ള ഉദ്ദേശമില്ലെന്ന് കത്തെഴുതി.
അതേസമയം ഒഡീഷ സര്‍ക്കാര്‍ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ കൃത്യമായി മനസ്സിലാക്കാന്‍ സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒഡീഷ പിന്നാക്ക ജാതി കമ്മീഷനാണ് ആദ്യം ഈ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ വച്ചത്. ഫെബ്രുവരി 26ന് ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. മെയ് 1-20 തിയ്യതികളില്‍ സെന്‍സസ് നടക്കും.

