നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ്; 20 ദിവസത്തിനിടെ 581 കേസുകള്‍, 593 പ്രതികള്‍ അറസ്റ്റില്‍

Update: 2022-10-07 04:33 GMT

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് ഫലം കാണുന്നു. സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയുള്ള 20 ദിവസങ്ങള്‍ക്കുള്ളില്‍ ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 581 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളിലുള്‍പ്പെട്ട 593 പ്രതികളാണ് അറസ്റ്റിലായത്. ഇക്കാലയളവില്‍ 99.5 കിലോഗ്രാം കഞ്ചാവ്, 167 കഞ്ചാവ് ചെടികള്‍, 850 ഗ്രാം എംഡിഎംഎ, 1401 ഗ്രാം മെത്താംഫിറ്റമിന്‍, 11 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 149 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉദ്യാഗസ്ഥര്‍ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിലെ 6 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 232 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പരിശോധന കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് നവംബര്‍ ഒന്ന് വരെ നീട്ടാനും ധാരണയായി. ഇതിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും മുഴുവന്‍സമയ ഹൈവേ പട്രോളിങ് സംഘത്തെ നിയാഗിക്കുകയും ചെയ്തു.

ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2195 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Tags: