കൊച്ചി: ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, നിര്‍മിക്കുന്ന 'നാരായണീന്റെ മൂന്നാണ്മക്കള്‍' സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകന്റെ റോളിലെത്തുന്ന തോമസ് മാത്യുവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഖില്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരമെത്തുന്നത്. 'ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. സൂപ്പര്‍ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'.
ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും. തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിന്‍പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
