നന്ദിഗ്രാം: മമതയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2021-04-02 04:23 GMT

ന്യൂഡല്‍ഹി: നന്ദിഗ്രാമിലെ പോളിങ് ബൂത്തില്‍ മമത ബാനര്‍ജ്ജിക്കു നേരെ മുദ്രാവാക്യം വിളിച്ചതിലും പ്രതിഷേധിച്ചതിലും പരാതിക്കിടയായ ഒന്നും കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു. ബോയല്‍ മൊക്താബ് െ്രെപമറി സ്‌കൂളിലെ ബൂത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പോളിങ് ഏജന്റിനെ കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതിപ്പെട്ട് മുഖ്യമന്ത്രിയും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ മമത ബാനര്‍ജി കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ പോളിംഗ് പ്രക്രിയ സുഗമമായി നടന്നതായി രണ്ട് പൊതു നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കമ്മീഷന്‍ അറിയിച്ചു.


തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ ഇവിടെ നിശ്ചയിച്ചിരുന്ന പോളിങ് ഏജന്റിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന് ഏജന്റിന്റെ മാതാവ് സുരക്ഷാ സേനയോട് അഭ്യര്‍ഥിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. തൃണമൂലിന്റെ ഏജന്റായാല്‍ പിന്നീട് ഇവിടെ താമസിക്കാന്‍ കഴിയില്ലെന്ന് അവര്‍ ഒരു ടിവി ചാനലിനോട് പറഞ്ഞിരുന്നു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു രണ്ടുപേരെ ബൂത്ത് ഏജന്റുമാരായി നിശ്ചയിച്ചു. എന്നാല്‍ ഇവരെ ബൂത്തിനകത്ത് പ്രവേശിപ്പിക്കാന്‍ കേന്ദ്ര സേന തയ്യാറായില്ല. ഇതാണ് സംഭവിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.


എന്നാല്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മമത പറഞ്ഞു. രാവിലെ മുതല്‍ 63 പരാതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് അംഗീകരിക്കാനാവില്ല, കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.




Tags: