പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി

Update: 2021-12-06 11:02 GMT

കൊഹിമ: നാഗാലാന്‍ഡ് അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക സൈനികാധികാര നിയമത്തിനെതിരേ നഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ. നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആളുമാറി ഒരു ഗ്രാമീണനെ സൈന്യം വെടിവച്ചുകൊന്നതിനു പിന്നാലെ 14 പേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി കേന്ദ്ര നിയമത്തിനെതിരേ ആഞ്ഞടിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായ ആവശ്യങ്ങളിലൊന്നാണ് പ്രത്യേക സൈനികാധികാര നിയമം റദ്ദാക്കണമെന്നത്.

'നാഗാലാന്‍ഡിലെ നാഗാ ജനത എക്കാലവും പ്രത്യേക സൈനികധികാര നിയമത്തെ എതിര്‍ത്തിട്ടുണ്ട്. അത് പിന്‍വലിക്കണം'- അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ 11 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് സൈന്യം തീവ്രവാദ സംഘാംഗമാണെന്ന് ആരോപിച്ച് ഒരു ഗ്രാമീണനെ വെടിവച്ചുകൊന്നത്. 

Tags: