എറണാകുളം: മൂവാറ്റുപുഴയിൽ നഗരവികസന പദ്ധതിയുടെ ഭാഗമായി പുതുതായി ടാറിങ് പൂർത്തിയാക്കിയ റോഡ് പൊതുജനങ്ങൾക്ക് തുറന്നു നൽകിയ ട്രാഫിക് എസ്ഐ കെപി സിദ്ദിഖിനെ സസ്പെൻഡ് ചെയ്തു. ആലുവ റൂറൽ എസ്പി യുടെ നിർദേശപ്രകാരമാണ് നടപടി.
ഉന്നത പോലിസ് അധികാരികളുടെ അനുമതി തേടാതെ റോഡ് ഉദ്ഘാടനം നടത്തിയെന്നാരോപിച്ചാണ് നടപടി ഉണ്ടായത്. സംഭവം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
എംഎൽഎയുടെ രാഷ്ട്രീയ നാടകത്തിന് എസ്ഐ കൂട്ടുനിന്നുവെന്നാരോപിച്ച് സിപിഎം പരാതി നൽകിയിരുന്നു. വിഷയത്തിൽ ഏരിയ സെക്രട്ടറി മുഖ്യമന്ത്രിക്കും പരാതി നൽകി.
തുടർന്ന് റൂറൽ ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി എം ബൈജു എസ്ഐയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ കച്ചേരിതാഴം മുതൽ പിഒ ജംഗ്ഷൻ വരെ റോഡ് തുറന്നുകൊടുത്തതാണ് വിവാദത്തിന് കാരണമായത്.