മുട്ടില്‍ മരംമുറി; വിവാദ ഉത്തരവ് ഇറക്കിയത് മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍

ഇത്തരത്തില്‍ മരംമുറിക്കുമ്പോള്‍ അതിനെതിരെ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ക്കും സാധരണക്കാര്‍ക്കും എതിരേ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2021-07-04 03:27 GMT
കല്‍പ്പറ്റ: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് ഇറക്കാന്‍ നിര്‍ദേശിച്ചത് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാന്‍ പാടില്ലെന്ന റവന്യു ഉദ്യോഗസ്ഥരുടെ അഭിപ്രായം അട്ടിമറിച്ച് ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന തീരുമാനമാണ് മുട്ടില്‍ മരംമുറിയില്‍ ചന്ദ്രശേഖരന്‍ കൈകൊണ്ടത്. ഇതിനെ തുടര്‍ന്നാണ് വ്യാപകമായി മരംമുറി നടന്നത്.


മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാല്‍ മന്ത്രിയുടെ നിര്‍ദേശം ഉള്‍പ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയത് എന്ന് വ്യക്തമായിട്ടുണ്ട്. മരംമുറിയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്നായിരുന്നു അന്നത്തെ റവന്യു മന്ത്രിയായ ചന്ദ്രശേഖരന്റെ നിലപാട്. ഇത്തരത്തില്‍ മരംമുറിക്കുമ്പോള്‍ അതിനെതിരെ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ക്കും സാധരണക്കാര്‍ക്കും എതിരേ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.




Tags: