പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചു; ബില്ലിന്മേലുള്ള ചര്‍ച്ച തുടരുന്നു

ബില്ലിന് നേരത്തെ തന്നെ ലോക്‌സഭയില്‍ പാസ്സായിരുന്നു. തുടര്‍ന്നാണ് അംഗീകാരത്തിനായി രാജ്യസഭയില്‍ അവതരിപ്പിച്ചത്.

Update: 2019-12-11 07:15 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിന് നേരത്തെ തന്നെ ലോക്‌സഭയില്‍ പാസായിരുന്നു. തുടര്‍ന്നാണ് അംഗീകാരത്തിനായി രാജ്യസഭയില്‍ അവതരിപ്പിച്ചത്.

തങ്ങളടക്കം 13 പാര്‍ട്ടികള്‍ ബില്ലിനെതിരേ വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു. ബില്ല് രാജ്യസഭയില്‍ പാസാകുമെന്ന് ബിജെപിയും പ്രത്യാശ പ്രകടിപ്പിച്ചു.

1955 ലെ പൗരത്വ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന പുതിയ ബില്ല് മുസ്‌ലിം ഇതര അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, പാര്‍സി കുടിയേറ്റക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ തുടര്‍ച്ചായി താമസിക്കണമെന്ന മാനദണ്ഡം പുതിയ ബില്ലില്‍ ആറു വര്‍ഷമായി ചുരിക്കിയിട്ടുണ്ട്. 2014 ഡിസംബര്‍ 31 ആണ് കട്ടോഫ് ഡെയ്റ്റായി തീരുമാനിച്ചിട്ടുള്ളത്.

ബില്ല് മുസ്‌ലിം വിരുദ്ധമാണെന്ന വാദം അമിത് ഷാ തള്ളിക്കളഞ്ഞു. മുസ്‌ലിംകള്‍ ഇന്ത്യക്കാരാണ്, ആയിരിക്കുകയും ചെയ്യും. അവരോട് യാതൊരു വിവേചനവും ഉണ്ടാവില്ല അമിത് ഷാ രാജ്യ സഭയില്‍ അവകാശപ്പെട്ടു. മുസ്‌ലിംകള്‍ ബില്ലിനെ കുറിച്ച് ആശങ്കപ്പെടേണ്ട ഒരു കാര്യമില്ല. പാകിസ്താനില്‍ നിന്ന് വരുന്ന മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് അമിത് ഷാ പ്രതിപക്ഷത്തോട് ചോദിച്ചു. അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന ആരോപണം അമിത് ഷാ നിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ല് ബിജെപിയുടെ മാനിഫെസ്‌റ്റോയിലുള്ളതാണെന്നും അത് നടപ്പാക്കുക തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങള്‍ 20 ശതമാനം വച്ച് കുറയുകയാണ്. അവര്‍ അവിടെ കൊല്ലപ്പെടുകയോ പലായനം ചെയ്യുകയോ ആണ്. അങ്ങനെ ഇന്ത്യയിലെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ഗുണകരമായ ബില്ലാണ് ഇതെന്നും അമിത് ഷാ പറയുന്നു.

Tags:    

Similar News