ലക്ഷദ്വീപ്; മുസ്‌ലിം പണ്ഡിത സഭ രാജ്ഭവന്‍ ധര്‍ണ നടത്തി

Update: 2021-06-11 14:48 GMT

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പൈതൃകത്തെയും സൈ്വരജീവിതത്തെയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മുസ്‌ലിം പണ്ഡിത സഭ രാജ്ഭവന്‍ ധര്‍ണ നടത്തി. ജനദ്രോഹപരവും ജനാധിപത്യ വിരുദ്ധവുമായ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പിച്ച് ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയെ നശിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പ്രഫുല്‍ കെ പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത മുസ്‌ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ആവശ്യപ്പെട്ടു.

പ്രദേശവാസികളുടെ താല്പര്യങ്ങളെ പൂര്‍ണമായും അവഗണിച്ച് ഫാഷിസ്റ്റ് ഭീകരതയുടെ പരീക്ഷണ ശാലയാക്കി ലക്ഷദ്വീപിനെ ശിഥിലീകരിക്കു ന്നതിനുളള നിഗൂഢതന്ത്രങ്ങളാണ് ഇപ്പോള്‍ പ്രയോഗവല്‍ക്കരിക്കുന്നത്. പരമ്പരാഗത ജീവിത മാര്‍ഗങ്ങള്‍ തടയപ്പെട്ടതിനാല്‍ ദ്വീപ് ജനത ഭക്ഷ്യക്ഷാമം കൊണ്ട് പൊറുതിമുട്ടുകയാണ്. നിരപരാധികളായ ഒരു സമൂഹത്തെ ആക്രമിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിനെതിരേ ശബ്ദിക്കുന്നവരെ കള്ളക്കേസെടുത്ത് വേട്ടയാടുന്നു. പച്ചയായ ഈ അനീതിക്കെതിരെ പൊരുതേണ്ടത് മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ധര്‍ണയില്‍ പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. വി എം ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, സയ്യിദ് പൂക്കോയാ തങ്ങള്‍, മൗലവി നവാസ് മന്നാനി പനവൂര്‍, കടുവയില്‍ ഷാജഹാന്‍ മൗലവി, ഹാഫിസ് സുലൈമാന്‍ മൗലവി, ദാക്കിര്‍ ഹുസൈന്‍ മൗലവി അല്‍കൗസരി, മുഹമ്മദ് നിസാര്‍ മൗലവി അല്‍ഖാസിമി,അബ്ദുറഹ്മാന്‍ മൗലവി അല്‍ ഹാദി സംസാരിച്ചു.

Tags:    

Similar News