മാപ്പ് പറയണം, പറഞ്ഞത് പിന്‍വലിക്കണം: മാര്‍ ക്ലിമ്മീസ് ബാവ വിളിച്ച യോഗത്തില്‍ മുസ്‌ലിം സംഘടനകള്‍ പങ്കെടുക്കില്ല
വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞതിന് ശേഷം മതി ചര്‍ച്ചയെന്നാണ് മുസ്‌ലിം സഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നര്‍കോട്ട് പരാമര്‍ശത്തില്‍ മാപ്പ് പറയുകയോ, പറഞ്ഞത് പിന്‍വലിക്കുകയോ ചെയ്യാതെ ക്ലിമ്മീസ് ബാവ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുസ്‌ലിം സംഘടകള്‍. പാലാ ബിഷപ്പ് വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറയുകയോ, പറഞ്ഞത് പിന്‍വലിക്കുകയോ ചെയ്ത ശേഷം മതി ചര്‍ച്ച എന്നാണ് മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
മലങ്കര കാത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത മത-സാമുദായിക നേതാക്കളുടെ യോഗത്തില്‍ നിന്നാണ് മുസലിം സംഘടകള്‍ പിന്‍വാങ്ങുന്നത്.
സമസ്ത, ദക്ഷിണ കേരള ജംഇത്തുല്‍ ഉലമ, കാന്തപുരം എപി വിഭാഗം, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുള്ളത്.
ഇന്ന് 3.30നാണ് മാര്‍ ക്ലിമ്മീസ് ബാവ മത-സാമുദായിക നേതാക്കളുടെ യോഗം വിളിച്ചത്.
അതേസമയം, പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍(പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ്), ഡോ.വിപി സുഹൈബ് മൗലവി(പാളയം ഇമാം, തിരുവനന്തപുരം), ഡോ.ഹുസൈന്‍ മടവൂര്‍(പാളയം ഇമാം, കോഴിക്കോട്), അഷ്‌റഫ് കടയ്ക്കല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.