ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്‌ലിം ബാലനെ മര്‍ദ്ദിച്ച ക്ഷേത്രത്തില്‍ മുസ്‌ലിം മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മര്‍ദ്ദനമേറ്റ ആസിഫ് എന്ന മുസ്‌ലിം ബാലന്റെ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാന്‍ എത്തിയ മുസ്‌ലിം മാധ്യമപ്രവര്‍ത്തകരേയും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. മില്ലറ്റ് ടൈംസിന്റെ രണ്ട് റിപോര്‍ട്ടര്‍മാര്‍ക്കാണ് ക്ഷേത്ര ഭാരവാഹികള്‍ മുസ്‌ലിംമായതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയത്്. ദസന ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതിയാണ് മുസ് ലിം ആയതിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
'ഈ ക്ഷേത്രം ഹിന്ദുക്കളുടെ പുണ്യസ്ഥലമാണ്, മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു''- ക്ഷേത്രത്തിനു പുറത്തുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. നിരോധനം മുസ്‌ലിം പത്രപ്രവര്‍ത്തകരും ബാധകമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മാര്‍ച്ച് 11ാം തിയ്യതിയാണ് ഗാസിയാബാദിലെ ശിവ്ശക്തി ധം ദസന ക്ഷേത്രത്തില്‍ വച്ച് 14കാരനെ ഹിന്ദുത്വര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ക്ഷേത്രത്തില്‍ നിന്നും വെള്ളം കുടിച്ചു പുറത്തിറങ്ങിയ കുട്ടിയുടെ പേരും പിതാവിന്റെ പേരും ചോദിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും കൈ വളച്ചൊടിക്കുകയും ലൈംഗികാവയവത്തില്‍ ചവിട്ടുകയുമാണ് ചെയ്തത്. ബിഹാര്‍ ഭഗല്‍പൂര്‍ സ്വദേശി ശ്രിങ്കി നന്ദന്‍ യാദവാണ് മര്‍ദ്ദനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഗാസിയാബാദ് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് തല, പുറം, കൈകാലുകള്‍, ലൈംഗികാവയവം എന്നിവക്കു പരുക്കേറ്റ ആസിഫിനെ തുടര്‍ചികിത്സക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സയിലാണ് ആസിഫ്.
