ഷിമോഗയിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; കാരണം വ്യക്തികള്‍ തമ്മിലുള്ള ശത്രുതയാവാമെന്ന് കര്‍ണാടക മന്ത്രി

Update: 2022-02-22 07:47 GMT

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ അജ്ഞാതന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തികള്‍ തമ്മിലുള്ള ശത്രുതയാവാം കാരണമെന്നും യുവജനക്ഷേമ മന്ത്രി ഡോ. നാരായണ ഗൗഡ. ഷിമോഗ ജില്ലയുടെ ചാര്‍ജ് ഉള്ള മന്ത്രികൂടിയാണ് ഡോ. ഗൗഡ.

''വ്യക്തികള്‍ തമ്മിലുള്ള ശത്രുതയാവാം കൊലപാതകത്തിനു പിന്നില്‍. തുടരന്വേഷണത്തിലൂടെ മാത്രമേ ശരിയായ വസ്തുത കണ്ടെത്താനാവൂ''- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മന്ത്രി കൊല്ലപ്പെട്ട ഹര്‍ഷയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. കുടുംബത്തിന് ഒരു ലക്ഷം രൂപ എക്‌സ് ഗ്രേഷ്യ പ്രഖ്യാപിച്ചു.

അതേസമയം ഹിജാബ് വിവാദവുമായുള്ള ബന്ധമടക്കം എല്ലാ വശവും അന്വേഷണ വിധേയമാക്കുമെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. 26 വയസ്സുള്ള ഹര്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ ചോദ്യം ചെയ്തു. അതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഹിജാബ് വിവാദവുമായി മരണത്തിന് ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പൊടുന്നനെയാണ് ഹിജാബ് വിവാദത്തിലേക്ക് കൊലപാതകത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഞായറാഴ്ച രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്നും പ്രധാന നഗരകേന്ദ്രങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തി. 

Tags: