ഷിമോഗയിലെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു; വൈകാതെ അറസ്‌റ്റെന്ന് പോലിസ്

Update: 2022-02-22 09:58 GMT

ബെംഗളൂരു; ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ നേതാവ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ഷിമോഗ പോലിസ്. കൂടുതല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് അറിയിച്ചു.

ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ ചോദ്യം ചെയ്തു. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണോയെന്ന് വ്യക്തമല്ല. രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പ്രതികളുടെ പേരുകള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

'എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘങ്ങള്‍ ശിവമോഗ ജില്ലയിലും പുറത്തുമുണ്ട്. അതിനാല്‍, ജോലികള്‍ പുരോഗമിക്കുന്നു. അന്വേഷണം പൂര്‍ത്തിയായി. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള വക്കിലാണ്,' അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് പ്രതാപ് റെഡ്ഡി പറഞ്ഞു. 

ഹിജാബ് നിരോധനത്തിനെതിരേ നടക്കുന്ന സമരവുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ആഭ്യന്തര മന്ത്രി ഇന്ന് പുറത്തുവിട്ട പ്രസ്താവനയനുസരിച്ച് ആ ബന്ധവും പരിശോധിക്കും.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഞായറാഴ്ച രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്നും പ്രധാന നഗരകേന്ദ്രങ്ങളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തി.

Tags:    

Similar News