കര്‍ണാടകയിലെ കൊലപാതകം; തലശ്ശേരി സ്വദേശിയെ പിടികൂടിയെന്ന കള്ളപ്രചാരണവുമായി സംഘപരിവാരം

Update: 2022-07-30 12:29 GMT

കൊലചെയ്യപ്പെട്ട പ്രവീണ്‍ നെട്ടാരു

തലശ്ശേരി: കര്‍ണാടകയിലെ യുവമേര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ പങ്കുള്ള തലശ്ശേരി സ്വദേശിയെ അറസ്റ്റ് ചെയ്‌തെന്ന വ്യാജ വാര്‍ത്തപ്രചരിപ്പിച്ച് ഹിന്ദുത്വര്‍. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തലശ്ശേരി കോമത്ത്പാറ സ്വദേശി ആബിദിനെ പിടികൂടിയെന്നാണ് പ്രചാരണം നടക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള ഇയാള്‍ കൊലനടന്ന ദിവസം കര്‍ണാടകയിലുണ്ടെന്നും പ്രചരിപ്പിക്കുന്നു.

എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചുവെന്നും സുള്ള്യ കൊലപാതകവുമായി ബന്ധമില്ലെന്നും തലശ്ശേരി പോലിസ് അറിയിച്ചു.

എറണാകുളത്തുനിന്നുള്ള ഏഴംഗം സംഘം ആബിദിന്റെ വീട്ടില്‍ ഇന്ന് രാവിലെ ആറരയോടെ പരിശോധനക്കെത്തിയിരുന്നു. പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. ഉച്ചയോടെ അവസാനിച്ചു. ലഭിച്ച വിവരമനുസരിച്ച് ആബിദ് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടക്കുന്നത്. ചൊവ്വാഴ്ച എറണാകുളത്ത് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സംഘം നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഹിന്ദുത്വര്‍ക്കുപുറമെ ചില വാര്‍ത്താമാധ്യമങ്ങളും സുള്ള്യ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കര്‍ണാടക സംഭവവുമായി ബന്ധമില്ലെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കൊ അറിയിച്ചു. എടിഎസ് ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ സിറ്റി പോലിസിനെ അറിയിക്കണമെന്നില്ല. എന്നാല്‍ കര്‍ണാടക പോലിസുമായി ബന്ധപ്പെട്ടാണെങ്കില്‍ അവര്‍ അറിയിക്കേണ്ടതാണ്. അതുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സുള്ള്യ കേസുമായി ബന്ധമുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ആബിദിന് കൊലപാതകവുമായി ബന്ധമുണ്ടെന്നു മാത്രമല്ല, സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും പ്രചാരണമുണ്ട്. കാസ പോലുള്ള ക്രിസ്ത്യന്‍ ഫേസ്ബുക്ക് പേജുകളും ഈ വ്യാജവാര്‍ത്തക്ക് പ്രചാരം കൊടുക്കുന്നുണ്ട്.

കുപ്രസിദ്ധ ഹിന്ദുത്വ നേതാവായ പ്രതീഷ് വശ്വനാഥനും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്.