പ്രമുഖ നയതന്ത്രജ്ഞനും പ്രഭാഷകനും എഴുത്തുകാരനുമായ മുറാദ് ഹോഫ്മാന്‍ അന്തരിച്ചു

1980 ല്‍ ഹോഫ്മാന്‍ ഇസ്ലാം മതം സ്വീകരിച്ചു. ഇസ്ലാമുമായി ബന്ധപ്പെട്ട് സാംസ്‌കാരികവും മതപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. 2008 ആയപ്പോഴേക്കും 31 രാജ്യങ്ങളിലായി ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് 350 ഓളം പ്രഭാഷണങ്ങള്‍ നടത്തി

Update: 2020-01-13 16:39 GMT

ബേണ്‍(ജര്‍മനി): ജര്‍മ്മന്‍ നയതന്ത്രജ്ഞന്‍ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ അന്തരിച്ചു. 88 ാം വയസ്സില്‍ ജര്‍മ്മനിയിലെ ബേണ്‍ നഗരത്തില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ജര്‍മ്മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്‌ലിം ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 1987 മുതല്‍ 1994 വരെ അദ്ദേഹം ജര്‍മ്മന്‍ അംബാസഡറായിരുന്നു.

1931 ല്‍ അഷാഫെന്‍ബര്‍ഗിലാണ് ഹോഫ്മാന്‍ ജനിച്ചത്. ന്യൂയോര്‍ക്കിലെ പ്രാഥമിക മ്യൂണിക്കില്‍ നിയമവും കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അമേരിക്കന്‍ നിയമവും പഠിച്ചു.

1961-1994 വരെ ജര്‍മ്മന്‍ ഫോറിന്‍ സര്‍വീസിലും ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ നാറ്റോ ഡിഫന്‍സ് യൂണിറ്റിന്റെ തലവനായും ബ്രസ്സല്‍സിലെ നാറ്റോയുടെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 33 വര്‍ഷം അള്‍ജീരിയയിലെയും മൊറോക്കോയിലെയും ജര്‍മ്മന്‍ അംബാസഡറായിരുന്നു.

1980 ല്‍ ഹോഫ്മാന്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനുശേഷം ഇസ്ലാമുമായി ബന്ധപ്പെട്ട് സാംസ്‌കാരികവും മതപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇക്കാലത്ത് ഒരു ജനപ്രിയ പ്രഭാഷകനെന്ന നിലയില്‍ അദ്ദേഹം പടിഞ്ഞാറന്‍ യൂറോപ്പ്, യുഎസ്എ, മുസ്ലീം രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വ്യാപകമായി യാത്ര ചെയ്തു. 2008 ആയപ്പോഴേക്കും 31 രാജ്യങ്ങളിലായി ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച് 350 ഓളം പ്രഭാഷണങ്ങള്‍ നടത്തി.

ജോര്‍ദാനിലെ അഹ്ല്‍ അല്‍ബെയ്റ്റ് ഫൗണ്ടേഷന്‍ ഫോര്‍ ഇസ്ലാമിക് തോട്ടിലെ ആജീവനാന്ത അംഗവും സരജേവോയിലെ മുസ്ലീം ബോസ്‌ന ബാങ്ക് ഇന്റര്‍നാഷണലിന്റെ ശരീഅത്ത് കൗണ്‍സില്‍ അംഗവുമായിരുന്നു.

2009 ല്‍ ദുബായ് രാഷ്ട്രത്തലവന്‍ ഹോഫ്മാനെ 'ഇസ്ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' ആയി ആദരിച്ചു. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്ത്യന്‍ കമ്മ്യൂണിക്കേഷന്‍, ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റര്‍ എന്നിവ ലോകമെമ്പാടുമുള്ള 500 മുസ്‌ലിം വ്യക്തികളുടെ പട്ടികയില്‍ ഹോഫ്മാനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുറാദ് ഹോഫ്മാന്‍ അറബി, ബോസ്‌നിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, മലയാളം, റഷ്യന്‍, ടര്‍ക്കിഷ്, ഹംഗേറിയന്‍ ഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോര്‍ഡ് ജേണല്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ്, പാകിസ്ഥാന്‍ ഇസ്ലാമിക് സ്റ്റഡീസ് എന്നിവയുടെ സാഹിത്യ നിരൂപകനായും പ്രവര്‍ത്തിച്ചു.

ഇസ്ലാം: ബദല്‍ മാര്‍ഗം, ജര്‍മ്മന്‍ മുസ്ലിമിന്റെ ഒരു ദിവസം, മക്കയിലേക്കുള്ള യാത്ര, ഇസ്ലാമിലേക്കുള്ള ദാര്‍ശനിക പാത തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.  

Similar News